റോബിഞ്ഞോ ബ്രസീലിയൻ ഫുട്ബോളിലേക്ക് തിരികെയെത്തുന്നു !

ബ്രസീലിയൻ ഫുട്‍ബോളിലെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളിൽ ഒരാളായ റോബിഞ്ഞോ ബ്രസീലിയൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു. തന്റെ കുട്ടിക്കാലക്ലബായ സാന്റോസിന് വേണ്ടി ഒരിക്കൽ കൂടി ബൂട്ടണിയാനുള്ള ഒരുക്കത്തിലാണ് റോബിഞ്ഞോ. താരത്തെ തങ്ങൾ തിരികെ ടീമിൽ എത്തിച്ചതായി സാന്റോസ് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. മുപ്പത്തിയാറുകാരനായ താരം അഞ്ച് മാസത്തെ കരാറിലാണ് ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നത്. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിന്റെ അവസാനം വരെ റോബിഞ്ഞോ സാന്റോസിനൊപ്പമുണ്ടാവും. ക്ലബും താരവും ഇന്നലെ കരാറിൽ എത്തിയിട്ടുണ്ടെങ്കിലും മാനേജ്മെന്റ് കമ്മിറ്റിയുടെ അപ്രൂവൽ കൂടി ഇനി ലഭിക്കാനുണ്ട്. ഒട്ടേറെ മികച്ച ക്ലബുകൾക്ക്‌ വേണ്ടി കളിച്ച ഈ സൂപ്പർ താരം ബ്രസീലിന് വേണ്ടി നൂറോളം മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് റോബിഞ്ഞോ സാന്റോസിന് വേണ്ടി കളിക്കുന്നത്. 246 മത്സരങ്ങൾ സാന്റോസ് ജേഴ്സിയിൽ കളിച്ച ഇദ്ദേഹം 109 ഗോളുകൾ നേടിയിട്ടുണ്ട്. മുമ്പ് റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ സിറ്റി, മിലാൻ എന്നിവർക്ക്‌ വേണ്ടി ജേഴ്സിയണിഞ്ഞ താരമാണ് റോബിഞ്ഞോ.

സാന്റോസിലേക്ക് തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റോബിഞ്ഞോ അറിയിച്ചു. ” ഇതെപ്പോഴും എന്റെ വീടാണ്. എന്റെ ലക്ഷ്യം എന്നുള്ളത് കളത്തിനകത്തും പുറത്തും സാന്റോസിനെ സഹായിക്കുക എന്നുള്ളതാണ്. സാന്റോസിനെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കണം. എന്നെ ഫുട്‍ബോളറാക്കിയ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവ് ഒട്ടേറെ സന്തോഷം നൽകുന്ന ഒന്നാണ്. ഞാൻ വളർന്ന സ്ഥലമാണിത്. ഞാൻ കുട്ടിക്കാലം തൊട്ടേ ഒരു ഫുട്ബോളറാവാൻ സ്വപ്നം കണ്ടിരുന്നു. അത് സാന്റോസാണ് യാഥാർഥ്യമാക്കി തന്നത്. ഇപ്പോൾ ക്ലബ് സാമ്പത്തികപരമായി ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോവുന്നത്. ഞാൻ എന്നെ കൊണ്ട് കഴിയും വിധം ക്ലബ്ബിനെ സഹായിക്കും ” സാന്റോസിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് റോബിഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *