മെസ്സി ദേഷ്യപ്പെട്ട് അത് നിർത്താൻ ആവശ്യപ്പെട്ടു, എന്നാൽ ഞാനത് ചെവി കൊണ്ടില്ല : അഗ്വേറോയുടെ വെളിപ്പെടുത്തൽ.

സംഭവബഹുലമായ കലാശ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ വീഴ്ത്തിക്കൊണ്ട് ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീനക്ക് സാധിച്ചിരുന്നു. മെസ്സി തന്നെയായിരുന്നു ഈ വേൾഡ് കപ്പിലെ താരം. ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ലയണൽ മെസ്സിയായിരുന്നു.ഗോൾഡൻ ബോൾ പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.

ലയണൽ മെസ്സിയുടെ ഉറ്റ സുഹൃത്തും മുൻ അർജന്റീന സൂപ്പർതാരവുമായിരുന്നു സെർജിയോ അഗ്വേറോ അർജന്റീനയുടെ കിരീടനേട്ടം ആഘോഷിക്കാൻ ഉണ്ടായിരുന്നു.ആ ആഘോഷത്തിന്റെ ഭാഗമായി കൊണ്ട് താൻ വളരെയധികം മദ്യപിച്ചിരുന്നു എന്നുള്ള കാര്യം ഇപ്പോൾ അഗ്വേറോ തുറന്നു പറഞ്ഞിട്ടുണ്ട്. മെസ്സി തന്നോട് ദേഷ്യപ്പെട്ടു കൊണ്ട് മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് കേട്ടില്ല എന്നും അഗ്വേറോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അന്ന് ഒന്നും കഴിച്ചിരുന്നില്ല, മറിച്ച് ഒരുപാട് മദ്യപിച്ചു.കാരണം ഞങ്ങൾ ലോക ചാമ്പ്യന്മാർ ആയതിന്റെ ആഘോഷത്തിൽ ആയിരുന്നു.എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ എന്ന് ഞാനും കരുതി. ഞാൻ ഇങ്ങനെ ഒരുപാട് മദ്യപിക്കുന്നത് കണ്ട് മെസ്സിക്ക് ദേഷ്യം വന്നിരുന്നു.മദ്യപാനം നിർത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും.ഞാൻ അത് കേട്ടില്ല. വേൾഡ് ചാമ്പ്യന്മാരായ ആഘോഷത്തിലായിരുന്നു ഞാൻ ” ഇതാണ് അഗ്വേറോ ട്വിച്ചിലൂടെ പറഞ്ഞിട്ടുള്ളത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണം സെർജിയോ അഗ്വേറോ നേരത്തെ തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. പക്ഷേ പലപ്പോഴും ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ ക്യാമ്പിൽ അദ്ദേഹം ഉണ്ടായിരുന്നു. അർജന്റീനക്ക് വേണ്ടി 101 മത്സരങ്ങൾ കളിച്ച ഇദ്ദേഹം 41 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *