മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ഞാൻ മനസ്സിലാക്കിയ പോലെ ആരും മനസ്സിലാക്കിയിട്ടില്ല : ഹിഗ്വയ്‌ൻ!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളായ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ചവർ അപൂർവമാണ്. അത്തരത്തിലുള്ള ഒരു താരമാണ് ഹിഗ്വയ്‌ൻ. അത്‌ മാത്രമല്ല, ഇരുവർക്കുമൊപ്പം ഏറെ കാലം കളിച്ച താരവും ഹിഗ്വയ്‌ൻ തന്നെയാണ്. റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബുകളിലാണ് ക്രിസ്റ്റ്യാനോയും ഹിഗ്വയ്‌നും ഒരുമിച്ച് കളിച്ചിട്ടുള്ളത്. അതേസമയം അർജന്റീനക്ക് വേണ്ടി ദീർഘകാലം മെസ്സിയും ഹിഗ്വയ്‌നും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഹിഗ്വയ്‌ൻ എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലാണ്. മാത്രമല്ല അർജന്റൈൻ ദേശീയ ടീമിൽ നിന്ന് താരം വിരമിച്ചിട്ടുമുണ്ട്. ഏതായാലും ഇരുതാരങ്ങളെ പറ്റിയും തുറന്ന് സംസാരിച്ചിരിക്കുകയാണ് ഹിഗ്വയ്‌ൻ. മെസ്സി, ക്രിസ്റ്റ്യാനോ എന്നീ രണ്ട് പേരെയും ഞാൻ മനസ്സിലാക്കിയ പോലെ ആരും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ലാ നാസിയോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“ഞാനാണ് ഇരുവർക്കുമൊപ്പം ഏറ്റവും കൂടുതൽ കളിച്ച താരമെങ്കിൽ,ഞാനാണ് ഇരുവരെയും ഏറ്റവും കൂടുതൽ മനസ്സിലാക്കിയ വ്യക്തി.ക്രിസ്റ്റ്യാനോയെയും മെസ്സിയെയും മനസിലാക്കുക എന്നുള്ളത് അവരുടെ പ്രശ്നമല്ല, നിങ്ങളുടെ പ്രശ്നമാണ്.ഇരുവരെയും ഞാൻ മനസ്സിലാക്കിയ പോലെ ആരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. അവർക്ക് എന്ത് ഇഷ്ടപ്പെടുമെന്നോ എന്ത് ഇഷ്ടപ്പെടില്ല എന്നോ എനിക്കറിയാം. അവർക്ക് എന്ത് അനുയോജ്യമാകുമെന്നോ എന്ത് അനുയോജ്യമാവില്ല എന്നോ എനിക്കറിയാം. ഞാൻ പൂർണ്ണമായും ഇരുവരെയും ആശ്രയിച്ചല്ല കളിച്ചിരുന്നത്. അവർ തിരിച്ച് ഇങ്ങോട്ടും അങ്ങനെ തന്നെയായിരുന്നു.അത്കൊണ്ട് തന്നെ അവർക്ക് അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിരുന്നു. അത്‌ മാത്രമല്ല, വലിയ തോതിലുള്ള ഭാരം അവർക്ക് വഹിക്കേണ്ട ആവിശ്യകതയും വന്നിരുന്നില്ല ” ഹിഗ്വയ്‌ൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!