മാനസിക പ്രശ്നങ്ങളുണ്ട്, പണം ലക്ഷ്യമിട്ടെത്തിയ സുഹൃത്തുക്കൾ നടന്നകന്നു: എല്ലാം തുറന്നു പറഞ്ഞ് റിച്ചാർലീസൺ.

ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസൺ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ടോട്ടൻഹാമിലും ബ്രസീലിലും അദ്ദേഹം ഗോളടിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. മാത്രമല്ല സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സൈഡ് ബെഞ്ചിൽ ഇരുന്നുകൊണ്ട് കരയുന്ന റിച്ചാർലീസന്റെ ദൃശ്യങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് എല്ലാം അദ്ദേഹം ഇപ്പോൾ മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. മാനസികമായ പ്രശ്നങ്ങൾ തനിക്കുണ്ടെന്നും സൈക്കോളജിസ്റ്റിനെ ഉടൻതന്നെ കാണും എന്നുമാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ അഞ്ചുമാസത്തോളമായി കളത്തിനു പുറത്തും ഞാൻ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പക്ഷേ ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. എന്റെ പണം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സുഹൃത്തുക്കളായ ചിലർ എന്നിൽ നിന്നും നടന്നകന്നു.ഇപ്പോൾ കാര്യങ്ങൾ ഒരു ഫ്ലോയിൽ ആയിട്ടുണ്ട്.ടോട്ടൻഹാമിൽ ഫോമിലേക്ക് തിരിച്ചെത്താൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ ബ്രസീലിന്റെ മത്സരങ്ങളിൽ ഞാൻ മോശമായി കളിച്ചു എന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ കളത്തിന് പുറത്തെ കാര്യങ്ങൾ എന്നെ ബാധിച്ചിട്ടുണ്ട്.അതൊന്നും എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യങ്ങൾ ആയിരുന്നില്ല. എന്റെ ചുറ്റുമുള്ള ആളുകൾ മൂലമായിരുന്നു അത്.

ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തിയശേഷം ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കാണും. എനിക്കിപ്പോൾ സഹായം ആവശ്യമുണ്ട്. എനിക്ക് ശക്തമായി തിരിച്ചു വരണം. അടുത്ത സ്‌ക്വാഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്യണം.എനിക്ക് എന്റെ താളം വീണ്ടെടുക്കണം. അതിന് മാനസികമായ സഹായം ആവശ്യമാണ് ” ഇതാണ് റിച്ചാർലീസൺ ഗ്ലോബോയോട് പറഞ്ഞത്.

മോശം ഫോമിനെ തുടർന്ന് നിരവധി പരിഹാസങ്ങളും വിമർശനങ്ങളും റിച്ചാർലീസണ് വേണ്ടി വന്നിരുന്നു. പക്ഷേ ഈ മാനസിക പ്രശ്നങ്ങളിൽ നിന്നെല്ലാം അദ്ദേഹം മുക്തനായി കൊണ്ട് പൂർവാധികം ശക്തിയോടെ ഈ ബ്രസീലിയൻ സൂപ്പർതാരം തിരിച്ചുവരുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *