ബൊക്കയുടെ സ്റ്റേഡിയത്തിലേക്ക് മെസ്സി തിരിച്ചെത്തുന്നു, ലാ ബോംബോനേരയിലുള്ള മെസ്സിയുടെ പ്രകടനം ഇങ്ങനെ !

സൂപ്പർ താരം ലയണൽ മെസ്സിയുടെ സസ്‌പെൻഷൻ ഇന്നലെയാണ് കോൺമബോൾ പിൻവലിച്ചത്. കോപ്പ അമേരിക്കയിൽ റെഡ് കാർഡ് കണ്ടതിനെ തുടർന്ന് ലഭിച്ച സസ്‌പെൻഷൻ എഎഫ്എ ഇടപ്പെട്ടുകൊണ്ട് പിൻവലിപ്പിക്കുകയായിരുന്നു. ഇതോടെ അടുത്ത മാസം എട്ടാം തിയ്യതി ഇക്വഡോറിനെതിരെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ മെസ്സിക്ക് കളിക്കാനായേക്കും. അർജന്റൈൻ ക്ലബ് ബൊക്ക ജൂനിയേഴ്‌സിന്റെ മൈതാനമായ ലാ ബോംബോനേരയിൽ വെച്ചാണ് മത്സരം നടക്കുക. തനിക്ക് ഇഷ്ടപ്പെട്ട മൈതാനമാണ് എന്ന് മെസ്സി തുറന്നു പറഞ്ഞ സ്റ്റേഡിയമാണ് ബോംബോനേര. 2018-ൽ ഹെയ്തിക്കെതിരായ മത്സരത്തിന് ശേഷം മെസ്സി ബോംബോനേരയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ” ഇവിടെ കളിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. വളരെയധികം പ്രത്യേകതയുള്ള സ്റ്റേഡിയമാണ് ഇത്. ഞാൻ ആദ്യമായിട്ടാണ് എന്റെ കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവരുന്നത് ” മെസ്സി പറഞ്ഞു.

മെസ്സി ആകെ മൂന്നു തവണയാണ് ബോംബോനേരയിൽ കളിച്ചിട്ടുണ്ട്. ആദ്യമായി 2005-ലാണ് മെസ്സി ഇവിടെ പന്തുതട്ടിയത്. പുപി ഫൗണ്ടഷനുമായി ബന്ധപ്പെട്ട ഒരു സൗഹൃദമത്സരമായിരുന്നു അത്‌. മറഡോണക്കൊപ്പം കുറച്ചു മിനുട്ടുകൾ കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. പിന്നീട് 2017 ഒക്ടോബർ അഞ്ചിനാണ് മെസ്സി ഈ മൈതാനത്ത് കളിക്കാൻ വരുന്നത്. 2018 വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെയാണ് അന്ന് അർജന്റീന നേരിട്ടത്. ഗോൾരഹിത സമനിലയിൽ പിരിയാനായിരുന്നു അർജന്റീനയുടെ വിധി. പിന്നീട് 2018 മെയ് ഇരുപത്തിയൊമ്പതിനാണ് മെസ്സി ഇവിടെ മൂന്നാമത്തെ മത്സരം കളിക്കുന്നത്. വേൾഡ് കപ്പിന് മുന്നോടിയായി ഹെയ്തിക്കെതിരെ സൗഹൃദമത്സരമായിരുന്നു അത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അന്ന് അർജന്റീന വിജയിച്ചത്. മെസ്സി ഹാട്രിക് നേടുകയും ചെയ്തു. ഒരിക്കൽ കൂടി മെസ്സി ഈ സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ മറ്റൊരു മാസ്മരിക പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *