ഫ്രാൻസിന് മുമ്പിൽ കീഴടങ്ങി ക്രിസ്റ്റ്യാനോയും സംഘവും, സ്പെയിനിന് സമനില, ജർമ്മനിക്ക്‌ വിജയം !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പോർച്ചുഗല്ലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക്‌ ഫ്രഞ്ച് പ്രതിരോധം തകർക്കാനാവാതെ വരികയായിരുന്നു. മത്സരത്തിന്റെ അൻപത്തിമൂന്നാം മിനിറ്റിൽ കാന്റെ നേടിയ ഗോളാണ് ലോകചാമ്പ്യൻമാർക്ക് വിജയം നേടികൊടുത്തത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരമായിരുന്നു കാഴ്ച്ചവെച്ചതെങ്കിലും അവസരങ്ങൾ മുതലെടുക്കാൻ ക്രിസ്റ്റ്യാനോക്കും കൂട്ടർക്കും കഴിഞ്ഞില്ല. ഇതോടെ പതിമൂന്ന് പോയിന്റ് നേടിയ ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന് ഉറപ്പായി. പത്ത് പോയിന്റുള്ള പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ്. ഈ ഗ്രൂപ്പിൽ തന്നെ ഇന്നലെ നടന്ന മത്സരത്തിൽ ക്രോയേഷ്യ 2-1 ന് സ്വീഡനോട്‌ തോറ്റിരുന്നു.

അതേസമയം വമ്പൻമാരായ ജർമ്മനി ഉജ്ജ്വലവിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ടിമോ വെർണറാണ് ജർമ്മനിയുടെ വിജയശില്പി. ഒരു ഗോൾ സാനെ നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ നേടി ഗോറെട്സ്കയും തിളങ്ങി. ജയത്തോടെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ജർമ്മനി. അതേസമയം സ്പെയിൻ ഇന്നലെ സമനിലയിൽ കുരുങ്ങിയതും ജർമ്മനിക്ക്‌ ഗുണകരമായി. സ്വിറ്റ്സർലാന്റാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്. റെമോയിലൂടെ ലീഡ് നേടിയ സ്വിറ്റ്സർലാന്റിന് ജെറാർഡ് മൊറീനോ 89-ആം മിനിറ്റിൽ മറുപടി നൽകുകയായിരുന്നു. രണ്ട് പെനാൽറ്റികൾ സെർജിയോ റാമോസ് പാഴാക്കിയത് സ്പെയിനിന് വിനയാവുകയായിരുന്നു. സ്വിറ്റ്സർലാന്റ് കീപ്പർ രണ്ട് പെനാൽറ്റികളും തടയുകയായിരുന്നു.അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റാണ് സ്പെയിനിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *