പ്രതികൂലസാഹചര്യത്തിലും ബൊളീവിയയെ മറികടക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ഡിപോൾ !

ഒരിക്കൽ കൂടി ലാ പാസിലെ ഉയരമേറിയ മൈതാനത്ത് ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് അർജന്റീന. അവസാനമായി കളിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ഇപ്പോഴും അർജന്റീനയെ അലട്ടുന്നുണ്ട്. എന്നിരുന്നാലും അർജന്റൈൻ ടീം ആത്മവിശ്വാസത്തിലാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. പ്രതികൂലസാഹചര്യത്തിലും ബൊളീവിയയെ പരാജയപ്പെടുത്താനുള്ള വഴിയും ഡിപോൾ കണ്ടെത്തി. ബോക്സിന് വെളിയിൽ നിന്നും പരമാവധി ഷോട്ടുകൾ ഉതിർക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിപോൾ തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ. എഎഫ്എയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു താരം.കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. എന്നാൽ അതിലും മികച്ച ഒരു വിജയം നേടാനാണ് അർജന്റീന ശ്രമിക്കുക.

” ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾ നേരിടേണ്ടതുണ്ട്. ഒരുപാട് മീറ്ററുകൾ ഉയരത്തിലാണ് ഞങ്ങൾ കളിക്കാൻ പോവുന്നത്. വ്യത്യസ്ഥമായ കാലാവസ്ഥ, കാറ്റ് എന്നിവയെ ഞങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും. പുറത്തു നിന്ന് ഷോട്ടുകൾ ഉതിർത്തു കൊണ്ട് മത്സരം വരുതിയിലാക്കാനാണ് ഞങ്ങൾ ശ്രമിക്കുക. അതിന് അനുയോജ്യരായ ഒരുപാട് താരങ്ങൾ ഞങ്ങളുടെ പക്കലിലുണ്ട്. ഈ മത്സരം ഞങ്ങളുടെ വളർച്ചക്ക്‌ ഒരുപാട് സഹായിക്കുമെന്നാണ് ഞാൻ കണക്കുകൂട്ടുന്നത്. ഞങ്ങളിൽ പലർക്കും ഇത്തരം യോഗ്യത മത്സരങ്ങൾ കളിച്ച് പരിചയമില്ല. അത്കൊണ്ട് തന്നെ ഇത്തരം മത്സരങ്ങൾ പരിചയസമ്പന്നത കൈവരാൻ സഹായിച്ചേക്കും. പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിൽ ഞങ്ങൾക്ക്‌ ഓക്സിജന്റെ അഭാവം നേരിട്ടിരുന്നു. അത് സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ കുഴപ്പമില്ല. മത്സരത്തിൽ പെട്ടന്ന് തന്നെ ആധിപത്യം പുലർത്താനാണ് ഞങ്ങൾ ശ്രമിക്കുക. നിലവിൽ ഞങ്ങൾ മത്സരത്തിന് സജ്ജരാണ് ” റോഡ്രിഗോ ഡി പോൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *