പോർച്ചുഗീസ് സൂപ്പർ താരം പിഎസ്ജിയിൽ എത്തുമോ? പുതിയ അപ്ഡേറ്റുമായി ഫാബ്രിസിയോ റൊമാനോ!

ഈ ഖത്തർ വേൾഡ് കപ്പിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സിന് സാധിച്ചിരുന്നു. 4 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ കാര്യങ്ങൾ ഇപ്പോൾ നല്ല രൂപത്തിൽ അല്ല മുന്നോട്ടുപോകുന്നത്. പരിശീലകനായ ഡിയഗോ സിമയോണിയുമായി അത്ര നല്ല ബന്ധത്തിലല്ല ഈ പോർച്ചുഗീസ് സൂപ്പർ താരം ഉള്ളത്.

അതുകൊണ്ടുതന്നെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള അനുമതി ഫെലിക്സ് തേടിയിട്ടുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഈ വിഷയത്തിലുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോൾ നൽകിയിട്ടുണ്ട്.

അതായത് ഫെലിക്സിന് വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും തന്നെ ഇപ്പോൾ പിഎസ്ജി നടത്തുന്നില്ല.മാത്രമല്ല ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി പ്രധാനമായും ആരെയും തന്നെ ലക്ഷ്യം വെക്കുന്നില്ല. മറിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത് അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാത്രമാണ്.ആ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇന്റർമിലാൻ താരമായ മിലാൻ സ്ക്രിനിയർക്ക് വേണ്ടിയാണ് പിഎസ്ജി ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തുക.

ഇതോടെ ഫെലിക്സ് പിഎസ്ജിയിലേക്ക് എത്തില്ല എന്നുള്ളത് ഉറപ്പാവുകയാണ്.2019ൽ 127 മില്യൺ യുറോക്കായിരുന്നു ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്.എന്നാൽ ഇതിനോട് നീതിപുലർത്താവുന്ന ഒരു പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിലവിൽ 50 മില്യൺ യൂറോയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. ഈ സീസണിൽ ഇതുവരെ ക്ലബ്ബിന് വേണ്ടി 18 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *