തോക്കിന് പകരം പന്തിനെ ആയുധമാക്കിയവൻ, മരണത്തെ അതിജീവിച്ചവൻ, തിയാഗോ സിൽവക്ക് വിശേഷണങ്ങളേറെ !
തന്റെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരും തോറും എയ്ഞ്ചല മരിയയുടെ മനസ്സിൽ ആധി പെരുകുകയായിരുന്നു. ജനിക്കുന്നത് ആൺകുഞ്ഞായാലൂം പെൺകുഞ്ഞായാലും അവരെയെങ്ങനെ വളർത്തുമെന്നാലോചിച്ച് അവർ അസ്വസ്ഥരായി. പട്ടിണി കൊണ്ടും രോഗങ്ങൾ കൊണ്ടും പൊറുതി മുട്ടിയിരിക്കുന്ന ആ കുടുംബത്തിന് മൂന്നാമതൊരു കുഞ്ഞിനെ താങ്ങാനുള്ള ശേഷിയില്ലായിരുന്നു. ഭർത്താവ് ജെറാൾഡോ എമിലിയാനോ തന്നിഷ്ട്ടം പോലെ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്യവും എയ്ഞ്ചല മരിയയുടെ ചുമലിൽ വന്നു വീണു. തന്റെ ആദ്യത്തെ രണ്ട് മക്കളെ തന്നെ വളർത്താനുള്ള കഷ്ടപ്പാടിനിടയിൽ മൂന്നാമതൊരു കുഞ്ഞ് എന്നുള്ളത് എയ്ഞ്ചലയെ സംബന്ധിച്ചെടുത്തോളം ഒരു അധികപറ്റായിരുന്നു. പക്ഷെ തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൈവിടാൻ ആ മാതാവ് ഒരുക്കമായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും കുഞ്ഞിനെ കഴിയാവുന്ന പോലെ വളർത്തുമെന്ന് ആ മാതാവ് ദൃഡപ്രതിജ്ഞ ചെയ്തു. അങ്ങനെ അധികപറ്റായി തോന്നിയ ആ കുഞ്ഞായിരുന്നു ആ കുടുംബത്തിന്റെ ഭാഗ്യതേജസായത്. അതെ, അതവൻ തന്നെ! കാനറിപ്പടയുടെ പ്രതിരോധകോട്ടയിൽ ഒരു തരി പോറലുപോലുമേല്പിക്കാതെ സംരക്ഷിച്ചു കൊള്ളുന്ന കാവൽഭടൻ, തിയാഗോ എമിലിയാനോ ഡാ സിൽവയെന്ന തിയാഗോ സിൽവ.
ഒട്ടുമിക്ക ഫുട്ബോൾ താരങ്ങളുടെയും ജീവചരിത്രങ്ങൾ പോലെ തന്നെ സിൽവക്കുമുണ്ടായിരുന്നു പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും കഥ പറയാൻ. അരക്ഷിതാവസ്ഥകളും അരാജകത്വവും നിറഞ്ഞ റിയോ ഡി ജനീറയുടെ തെരുവുകളിലേക്കാണ് 1984-ൽ സെപ്റ്റംബർ ഇരുപത്തിരണ്ടാം തിയ്യതി സിൽവ ഭൂജാതനായത്. തികച്ചും കലുഷിതമായ ആ സാഹചര്യത്തിൽ ജീവിച്ചു കാണിക്കുക എന്നത് തന്നെയായിരുന്നു കുഞ്ഞുസിൽവയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വെല്ലുവിളി. തെരുവിന്റെ കൂടപ്പിറപ്പുകളായ ദാരിദ്ര്യവും തൊഴിലില്ലായ്മയും പകർച്ചവ്യാധികകളെയും മറികടക്കുക എന്നത് ആ സാഹചര്യത്തിൽ അത്യന്തം ദുഷ്കരമായിരുന്നു. കൂടെ തന്റെ പിതാവായ ജെറാൾഡോ എമിലിയാനോ കുടുംബബന്ധം ഉപേക്ഷിച്ചു പോയതോടെ സിൽവ പ്രതിസന്ധികളുടെ കൊടുമുടിയിലെത്തി. പിതാവിന്റെ വേർപിരിയൽ സിൽവയെ മാനസികമായി ഏറെ തളർത്തി കളഞ്ഞു.

പക്ഷെ അതൊരു വഴിത്തിരിവായിരുന്നു. കാല്പന്തിന്റെ മാന്ത്രികലോകത്തേക്ക് അവനെ കൈപിടിച്ചുയർത്താൻ ഒരു കാവൽമാലാഖയെ പോലെ അയാൾ പ്രത്യക്ഷപ്പെട്ടു. സിൽവയുടെ രണ്ടാനച്ഛനായിരുന്നു ആ മാലാഖ. ഒട്ടുമിക്ക ആളുകളുടെയും ജീവിതത്തിൽ രണ്ടാനച്ഛൻ ഒരു വില്ലനായി അവതരിക്കുമ്പോൾ സിൽവയുടെ ജീവിതത്തിലത് ഹീറോയായി അവതരിച്ചു. ഫുട്ബോളിലുള്ള അവന്റെ കഴിവ് തിരിച്ചറിഞ്ഞ അയാൾ അവന് ഫുട്‍ബോളിന്റെ ബാലപാഠങ്ങൾ ചൊല്ലികൊടുത്തു. കാല്പന്തിന്റെ വലിയ വേദികൾ സ്വപ്നം കണ്ട അവനെ അപ്പോഴും പ്രതിസന്ധികൾ വേട്ടയാടി. വെടിയൊച്ചകൾ ഇടയ്ക്കിടെ തന്റെ ഉറക്കം കെടുത്തിയിരുന്നതായി സിൽവ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിമിനൽ ഗാങ്ങിൽ ചേരാൻ അവസരം വന്നപ്പോൾ അത് തട്ടിമാറ്റി കൊണ്ട് ഫുട്‍ബോളിന്റെ വഴി തിരഞ്ഞെടുത്തവനായിരുന്നു സിൽവ. തോക്കിന് പകരം പന്തിനെ ആയുധമാക്കിയവൻ. പതിനായിരകണക്കിന് വീടുകളാൽ തിങ്ങി നിറഞ്ഞ ആ തെരുവിൽ സിൽവ അവന്റെ ഉറ്റസുഹൃത്തിനെ കണ്ടെത്തി. പിൽകാലത്ത് ബ്രസീലിന്റെ ഉരുക്കുമനുഷ്യനായി മാറിയ ഡേവിഡ് ലൂയിസായിരുന്നു അത്. കുട്ടിക്കാലം തൊട്ടേ കളിക്കൂട്ടുക്കാരായ അവർ ഒരുമിച്ച് ഒട്ടേറെ തവണ മഞ്ഞപ്പടയുടെ രക്ഷകരാവുന്നത് ഫുട്ബോൾ ലോകം അത്ഭുതത്തോടെ നോക്കികണ്ടു. ഇരുവരെയും ഫുട്ബോൾ താരങ്ങളാക്കാൻ അയൽവാസികളായ ആ കുടുംബം ഒരുമിച്ചൊരു തീരുമാനമെടുത്തു.
പണമായിരുന്നു ആ കുടുംബത്തിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വെല്ലുവിളി. ഒരിക്കൽ യാത്രഇളവ് ലഭിക്കാൻ വേണ്ടി സ്കൂൾ യൂണിഫോമണിഞ്ഞ് സിൽവ ബസിൽ കയറി. തന്റെ സ്‌കൂളിലേക്കുള്ള ബസല്ല ഇതെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ എനിക്ക് ട്രെയിനിങ് ഗ്രൗണ്ടിലേക്കാണ് പോവേണ്ടതെന്നും എന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ നിങ്ങൾ എന്നെ സഹായിക്കണമെന്നും സിൽവ ആ ബസുകാരോട് അപേക്ഷിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ തനിക്ക് സൗജന്യയാത്ര അനുവദിച്ച ആ ബസുകാരെ സിൽവ ഇന്നും നന്ദിയോടെയാണ് ഓർക്കുന്നത്. ആ ട്രെയിനിങ് കാലഘട്ടത്തിൽ വെച്ചാണ് മാഴ്‌സെലോയെന്ന ഉറ്റസുഹൃത്തിനെ സിൽവ പരിചയപ്പെടുന്നത്. അന്ന് മുതൽ ഇന്ന് വരെയും ആ ബന്ധം കളിക്കളത്തിലും പുറത്തും ദൃഡമായി തന്നെ പോവുന്നു. പരിശീലനത്തിലും മത്സരങ്ങളിലും കഴിവ് തെളിയിച്ച സിൽവയെ തേടി ആദ്യത്തെ ഓഫർ വരുന്നു. സ്വപ്നസാക്ഷാൽക്കാരം. 2004-ൽ രണ്ടര മില്യണ് ആ സിൽവയെ പോർട്ടോ ബി വാങ്ങുന്നു. ഒരു വർഷം അവിടെ പന്ത് തട്ടിയ ശേഷം റഷ്യൻ ക്ലബായ ഡൈനാമോ മോസ്കൊയിലേക്ക് സിൽവ കൂടുമാറി. എന്നാൽ അതൊരു വലിയ ദുരന്തത്തിലാണ് കലാശിക്കുന്നതെന്ന് സിൽവ അറിഞ്ഞില്ല.

റഷ്യയിലെ അതിശൈത്യം സിൽവയെ ശരിക്കും തളർത്തികളഞ്ഞു. ബാക്ടീരിയ മൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ട്യൂബർകുലോസിസ് എന്ന രോഗം സിൽവയെ പിടികൂടി. ദൈനംദിനം രോഗത്തിന്റെ കാഠിന്യം വർധിച്ചു. ഒരവസരത്തിൽ രണ്ടാഴ്ച മാത്രമേ സിൽവയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിക്കുകയൊള്ളു എന്ന് ഡോക്ടർമാർ പോലും വിധിയെഴുതി. പക്ഷെ ആ മനുഷ്യൻ തളർന്നില്ല. ജീവിതത്തോട് പൊരുതി. ആറു മാസത്തോളം ആശുപത്രികിടക്കയിൽ ആ മനുഷ്യനെ ജീവനോട് മല്ലിട്ടു. രോഗത്തിന് തന്റെ ശരീരത്തെ വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ആ യോദ്ധാവ് ഡോക്ടർമാരുടെ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽപറപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നു. താൻ ജീവിതത്തിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ യുദ്ധം എന്നായിരുന്നു സിൽവ ഈ സന്ദർഭങ്ങളെ വിശേഷിപ്പിച്ചത്.തന്റെ അമ്മയുടെ അഭ്യർത്ഥന പ്രകാരം റഷ്യയിൽ നിന്ന് സിൽവ മടങ്ങി. സ്വന്തം മണ്ണായ ബ്രസീലിൽ ഫ്ലുമിനെൻസിന് വേണ്ടി അവൻ പന്ത്തട്ടി തുടങ്ങി.
ഫ്ലുമിനെൻസിൽ അവനു ലഭിച്ച പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. അതോടെ ലോകഫുട്ബോൾ രാജാക്കന്മാരുടെ ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു. അക്കാലത്ത് യൂറോപ്യൻ ഫുട്ബോളിലെ അതികായകൻമാരിലൊരാളായ മിലാൻ അവനെ റാഞ്ചി. അതോടെ സിൽവയുടെ സമയം തെളിഞ്ഞു. 2009 മുതൽ 2012 വരെ അവൻ മിലാൻ ജേഴ്സിയിൽ തൊണ്ണൂറിൽ പരം മത്സരങ്ങളിൽ പന്ത് തട്ടി. 2012-ൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരത്തെ സ്വന്തം കൂടാരത്തിൽ എത്തിച്ചു. അന്ന് മുതൽ അവിടെ നിർണായകസാന്നിധ്യമായ സിൽവയെ ഒടുവിൽ ഇപ്പോഴാണ് പിഎസ്ജി കൈവിട്ടത്. ആ താരം ക്ലബ് വിട്ടാൽ അവിടെ പകരക്കാരനായി പ്രതിഷ്ഠിക്കാൻ മറ്റൊരു താരത്തെ സമകാലീനഫുട്ബോൾ ലോകത്ത് അവർക്ക് ലഭിക്കുകയില്ലെന്ന ഉത്തമബോധ്യമുള്ളത് കൊണ്ട് തന്നെയാണ് ഇത്രയും കാലം താരത്തെ അവർ പിടിച്ചു നിർത്തിയതും.

2008-ൽ ബ്രസീലിയൻ ജേഴ്സിയിൽ അരങ്ങേറിയ സിൽവ പിന്നീട് തന്റെ സ്ഥാനം അധികമാർക്കും വിട്ട്കൊടുത്തിട്ടില്ല. സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ലക്ഷോപലക്ഷം വരുന്ന ആരധകരുടെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്താൻ സിൽവക്ക് സാധിച്ചു. 2013-ലെ കോൺഫെഡറേഷൻ കപ്പും ഈ വർഷത്തെ കോപ്പ അമേരിക്കയും സിൽവയുടെ കരിയറിലെ പൊൻതൂവലാണ്. സിൽവ എന്ന പടക്കുതിര ബ്രസീലിന് എത്രത്തോളം പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമാണെന്ന് തെളിയാൻ 2014 ലെ വേൾഡ് കപ്പ് സെമി ഫൈനൽ എടുത്തുനോക്കിയാൽ മതി. ആ മനുഷ്യന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെങ്കിൽ അന്ന് ആ തോൽവി ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു എന്ന് ഉറച്ചുവിശ്വസിക്കുന്നവരായിരുന്നു എല്ലാ ബ്രസീലിയൻ ആരാധകരും. ഒരുപക്ഷെ അത് തന്നെയായിരുന്നു യാഥാർഥ്യവും. സിൽവയുടെ ഒഴിവ് നികത്താൻ തക്ക ഒരു താരത്തെ ബ്രസീലിയൻ ചാണക്യൻ ടിറ്റെക്ക് ഇത് വരെ കണ്ടെത്താനായിട്ടില്ല എന്നതും സിൽവ എന്ന പോരാളിയുടെ മൂല്യത്തെയാണ് വിളിച്ചോതുന്നത്. സ്ഥിരതയാർന്ന പ്രകടനവും തന്റെ ശാരീരികകരുത്തും കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള അപാരമായ കഴിവുകൊണ്ടും സിൽവ എന്ന മനുഷ്യൻ ഒരു വൻമതിലായി പിഎസ്ജിയുടെയും ബ്രസീലിന്റെയും മുന്നിൽ നിലകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം ചെൽസിയിലേക്ക് ചേക്കേറി.
ഇന്ന് ആ മനുഷ്യന്റെ ജന്മദിനമാണ്. മുപ്പത്തിയാറു വയസ്സായി ഈ പോരാളിക്ക്. ഇനി എത്ര കാലം ബ്രസീലിയൻ ജേഴ്സിയിൽ ഈ താരത്തെ ആസ്വദിക്കാനാവുമെന്ന് പറയാൻ പറ്റില്ല. പക്ഷെ ഒരു കാര്യമുറപ്പിക്കാം. ഇദ്ദേഹത്തിന്റെ വിടവ് നികത്താൻ ബ്രസീലും പിഎസ്ജിയും ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന കാര്യം !