ജേഴ്‌സിയിലെ സ്റ്റാറുകൾ തുടങ്ങിവെച്ചത് ബ്രസീൽ, എന്തുകൊണ്ടാണ് ഉറുഗ്വക്ക് 4 സ്റ്റാറുകൾ?

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി അർജന്റീന തങ്ങളുടെ ജേഴ്സിയിൽ മൂന്നാമത്തെ സ്റ്റാറും പതിപ്പിക്കുകയായിരുന്നു. 3 വേൾഡ് കപ്പ് കിരീടങ്ങളെയാണ് മൂന്ന് സ്റ്റാറുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ജേഴ്സിക്ക് മുകളിലുള്ള ആ സ്റ്റാറുകളുടെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.

വേൾഡ് കപ്പ് കിരീടത്തെ സൂചിപ്പിക്കാൻ വേണ്ടി സ്റ്റാർ പതിപ്പിക്കുന്നത് ആദ്യമായി ആരംഭിച്ചത് ബ്രസീലാണ്.1974 വേൾഡ് കപ്പിലാണ് ബ്രസീൽ 3 സ്റ്റാറുകളുമായി കളത്തിലേക്ക് ഇറങ്ങിയത്.1958,1962,1970 എന്നീ വർഷങ്ങളിൽ നേടിയ വേൾഡ് കപ്പ് കിരീടത്തെ സൂചിപ്പിക്കുന്നതായിരുന്നു. 1986ലെ വേൾഡ് കപ്പിൽ ഇറ്റലി ഈ പാത പിന്തുടരുകയായിരുന്നു. 3 സ്റ്റാറുകൾ അവരുടെ ജേഴ്സിയിലും വന്നുചേർന്നു.

പിന്നീട് ഈ രീതി പിന്തുടർന്നത് ജർമ്മനിയാണ്. 1998 വേൾഡ് കപ്പിലാണ് ജർമ്മനി മൂന്ന് സ്റ്റാറുകളുമായി കളത്തിലേക്ക് വന്നത്. പിന്നീട് 2002 വേൾഡ് കപ്പിൽ ഉറുഗ്വ നാല് സ്റ്റാറുകളുമായി കളത്തിലേക്ക് വന്നു. യഥാർത്ഥത്തിൽ രണ്ട് വേൾഡ് കപ്പുകൾ മാത്രമാണ് ഉറുഗ്വ നേടിയിട്ടുള്ളത്. പിന്നെ എന്തുകൊണ്ടാണ് നാല് സ്റ്റാറുകൾ എന്നുള്ളത് പലർക്കും സംശയമുണ്ടാക്കുന്ന കാര്യമാണ്.

എന്നാൽ വേൾഡ് കപ്പ് ആരംഭിക്കുന്നതിനു മുന്നേ 1924,1928 വർഷങ്ങളിലെ ഒളിമ്പിക് ഫുട്ബോൾ ചാമ്പ്യന്മാർ ഉറുഗ്വയായിരുന്നു. വേൾഡ് കപ്പിന് മുന്നേ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് ഒളിമ്പിക്സ് ആയതിനാൽ വേൾഡ് കപ്പിന് സമാനമായി കൊണ്ടാണ് ഉറുഗ്വ ഈ ഒളിമ്പിക്സിനെ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് വേൾഡ് കപ്പിന് പുറമേ രണ്ട് ഒളിമ്പിക് കിരീടം കൂടി ചേർത്തുകൊണ്ട് നാല് സ്റ്റാറുകളാണ് ഉറുഗ്വ രേഖപ്പെടുത്താറുള്ളത്. ഇപ്പോഴത്തെ ഫിഫാ പ്രസിഡണ്ടായ ഇൻഫാന്റിനോ ഇതിനെ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഏറ്റവും ഒടുവിൽ സ്റ്റാർ പതിപ്പിക്കാൻ ആരംഭിച്ച ടീമുകളാണ് അർജന്റീനയും ഇംഗ്ലണ്ടും. 2006 വേൾഡ് കപ്പിലാണ് ഈ രണ്ടു ടീമുകളും സ്റ്റാർ പതിപ്പിക്കാൻ ആരംഭിച്ചത്. ഇപ്പോൾ അർജന്റീനയുടെ ജേഴ്സിയിൽ 3 സ്റ്റാറുകൾ പൂർത്തിയായി കഴിഞ്ഞു. അതേസമയം 5 സ്റ്റാറുകൾ ഉള്ള ബ്രസീൽ തന്നെയാണ് മുൻപന്തിയിൽ നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *