ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെയെന്ന് അമേരിക്കൻ വനിതാ സൂപ്പർ താരം

ഫുട്ബോൾ ലോകവുമായി പ്രവർത്തിക്കുന്ന ഏതൊരാളും നിലവിൽ സാധാരണഗതിയിൽ നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ ഏറ്റവും മികച്ച ഫുട്‍ബോളറെന്ന്? ഒരിത്തിരി കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും ഓരോരുത്തർക്കും അവരുടേതായ വ്യക്തിപരമായ ഉത്തരങ്ങളുണ്ടാവും. ചിലർക്ക് ലയണൽ മെസ്സി ഏറ്റവും മികച്ച താരമാവുമ്പോൾ മറ്റു ചിലർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും മികച്ച താരമാവുന്നു. കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡ്‌ സൂപ്പർ താരവും മുൻ ബാലൺ ഡിയോർ ജേതാവുമായ ലൂക്ക മോഡ്രിച്ച് എക്കാലത്തെയും മികച്ച താരമായി തിരഞ്ഞെടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ബ്രസീലിയൻ സൂപ്പർ താരമായിരുന്ന റൊണാൾഡോ തനിക്ക് പ്രിയപ്പെട്ടത് മെസ്സിയാണെന്ന് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേ ചോദ്യം നേരിട്ടിരിക്കുകയാണ് അമേരിക്കയുടെ വനിതാ സൂപ്പർ താരം അലക്സ്‌ മോർഗൻ. ഫിഫ16 കവർ സ്റ്റാർ എന്നതുമായി സംബന്ധിച്ച അഭിമുഖത്തിലാണ് നിലവിലെ വേൾഡ് കപ്പ് ജേതാവ് കൂടിയായ മോർഗൻ ഈ ചോദ്യം നേരിട്ടത്. ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സിയാണെന്ന് ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

” ഞാൻ മെസ്സി എന്നാണ് പറയുന്നത്. തീർച്ചയായും അദ്ദേഹം നല്ല രീതിയിൽ കാര്യങ്ങൾ ചെയ്തു തീർക്കുന്നു. ഞാൻ കണ്ടിട്ടുള്ള മറ്റേത് താരത്തെക്കാളും മുകളിൽ നിൽക്കുന്ന താരമാണ് മെസ്സി. അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരിക്കുക എന്നത് ഏറെ ആവേശമുണർത്തുന്ന കാര്യമാണ് ” അഭിമുഖത്തിൽ അലക്സ്‌ മോർഗൻ പറഞ്ഞു. കഴിഞ്ഞ വേൾഡ് കപ്പിലെ സെലിബ്രേഷനെ തുടർന്ന് ഏറെ വിവാദങ്ങളിലകപ്പെട്ട താരമായിരുന്നു മോർഗൻ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 2-1 ന് അമേരിക്ക വിജയിച്ച മത്സരത്തിൽ ഗോൾ നേടിയ ശേഷമായിരുന്നു മോർഗന്റെ ടീകപ്പ്‌ സെലിബ്രേഷൻ. എന്നാൽ ഈ വിവാദങ്ങൾ ഫുട്‍ബോളിലെ വിവേചനത്തെയാണ് തുറന്നു കാട്ടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ സിമിയോണിക്കെതിരെ നടത്തിയ സെലിബ്രേഷനെ വിമർശിക്കാത്തവരാണ് തന്നെ വിമർശിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. പുരുഷൻമാരുടെ ഓരോ ബിഗ് ടൂർണമെന്റുകളിലും പല തരം സെലിബ്രേഷനുകൾ നടന്നിട്ടും അതൊന്നും കാണാതെ തങ്ങളുടേതിനെ മാത്രം വിമർശിക്കുന്നത് തീർച്ചയായും അനീതിയാണെന്നും അന്ന് അവർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *