കോമാളി : മെസ്സിയുടെ സെലിബ്രേഷൻ അനുകരിച്ച പുജിനെ പരിഹസിച്ച് കെയ്ലേനി!

കഴിഞ്ഞ ദിവസം US ഓപ്പണിൽ വെച്ച് നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ LAFC യും LA ഗാലക്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ LAFC യെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ LA ഗാലക്സിക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു LA ഗാലക്സി വിജയിച്ചിരുന്നത്.

ഈ മത്സരത്തിൽ LA ഗാലക്സിക്ക് വേണ്ടി ഒരു ഗോൾ നേടിയത് മുൻ ബാഴ്സ സൂപ്പർ താരമായ റിക്കി പുജ് ആയിരുന്നു. മത്സരത്തിന്റെ 52 മിനുട്ടിലായിരുന്നു പുജിന്റെ ഗോൾ പിറന്നത്. ഇതിന് പിന്നാലെ അദ്ദേഹം സൂപ്പർ താരം ലയണൽ മെസ്സിയുടെ സെലിബ്രേഷൻ അനുകരിച്ചിരുന്നു. അതായത് തന്റെ ജേഴ്‌സി അഴിച്ചു ആരാധകർക്ക് മുന്നിൽ തന്റെ പേര് പ്രദർശിപ്പിക്കുകയാണ് പുജ് ചെയ്തിട്ടുള്ളത്.റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഗോൾ നേടിയതിനു ശേഷം മെസ്സി ഇത്തരത്തിലുള്ള ഒരു സെലിബ്രേഷൻ നടത്തിയിരുന്നു.അത് വലിയ രൂപത്തിലുള്ള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാൽ LAFC യുടെ ഇറ്റാലിയൻ ഇതിഹാസമായ കെയ്ലേനിക്ക് ഈ സെലിബ്രേഷൻ ഒട്ടും പിടിച്ചിട്ടില്ല. മത്സരശേഷം റിക്കി പുജിനെ പരിഹസിക്കുന്ന കെയ്ലേനിയെയാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്. കോമാളി എന്നാണ് കെയ്ലേനി പുജിനെ വിളിച്ചിട്ടുള്ളത്.സ്പാനിഷ് ഭാഷയിലാണ് ഈ പരാമർശം അദ്ദേഹം നടത്തിയിട്ടുള്ളത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം ചർച്ചയായിട്ടുണ്ട്. പരിക്കു മൂലം ഈ മത്സരത്തിൽ കെയ്ലേനി കളിച്ചിട്ടുണ്ടായിരുന്നില്ല.

ഏതായാലും ഒരിക്കൽ കൂടി LA ഗാലക്സിയും LA FCയും തമ്മിൽ മുഖാമുഖം വരുന്നുണ്ട്. ജൂലൈ നാലാം തീയതി MLS ൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യന്മാരാണ് LAFC.വെസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇവരാണ്. അതേസമയം 13 മത്സരങ്ങൾ കളിച്ച LA ഗാലക്സി ഏറ്റവും അവസാന സ്ഥാനത്താണ്.രണ്ടു മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പക്ഷേ US ഓപ്പണിലെ ഈ വിജയം തീർച്ചയായും അവർക്ക് ആത്മവിശ്വാസം പകരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!