മുൻ‌തൂക്കം ബ്ലാസ്റ്റേഴ്‌സിന്, ഞങ്ങൾ പോരാടും,ഭയം മറച്ചു വെക്കാതെ നോർത്ത് ഈസ്റ്റ് പരിശീലകൻ !

തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബൂട്ടണിയുന്നത്. ആദ്യ മത്സരത്തിൽ എടികെയോട് പരാജയമേറ്റതിന്റെ ക്ഷീണം തീർക്കാനുറച്ചാവും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക. എന്നാൽ മറുഭാഗത്തുള്ള നോർത്ത് ഈസ്റ്റ് ആദ്യ മത്സരം വിജയിച്ചതിന്റെ ആശ്വാസത്തിലാണ്. പക്ഷെ അതൊന്നും നോർത്ത് ഈസ്റ്റ് പരിശീലകന് സന്തോഷം നൽകുന്ന ഒന്നല്ല. ബ്ലാസ്റ്റേഴ്‌സിനെ തങ്ങൾ ഭയക്കുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായ ജെറാർഡ് നസ്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കമെന്നും തങ്ങൾ ജയത്തിനായി പോരാടുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.ഇന്ന് രാത്രി 7:30-നാണ് മത്സരം നടക്കുക.

” എനിക്ക് തോന്നുന്നത് ഈ സീസണിലെ ഏറ്റവും വലിയ സ്‌ക്വാഡുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണ്.അവർക്കെതിരെ കളിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണെന്നു ഞാൻ മനസ്സിലാക്കുന്നു. അവരുടെ ആദ്യ മത്സരം ഞാൻ വീക്ഷിച്ചിരുന്നു. അവരുടെ ആക്രമണനിര അപകടം വിതക്കുന്ന ഒന്നാണ്. അവരുടെ സെറ്റ് പീസുകളും അപകടരമാണ്. ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നുണ്ട്. അത്കൊണ്ട് തന്നെ ഈ മത്സരം കടുത്തതാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങൾ പോരാടുക തന്നെ ചെയ്യും. ഞങ്ങൾക്ക്‌ എന്താണോ ചെയ്യാൻ സാധിക്കുക അത്‌ ഞങ്ങൾ ചെയ്യും. പക്ഷെ തീർച്ചയായും മത്സരത്തിലെ മുൻ‌തൂക്കം അവർക്ക് തന്നെയായിരിക്കും ” നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *