കേരളം തന്റെ രണ്ടാമത്തെ വീട്, തന്നെ വളർത്തിയത് കേരള ജനത, മനസ്സ് തുറന്ന് സന്ദേശ് ജിങ്കൻ
അടുത്ത സീസണിൽ സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടാവില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊടൊപ്പം തുടക്കത്തിൽ തന്നെ ഉണ്ടായിരുന്ന താരമാണ് ജിങ്കൻ. ആ താരം ആരാധകർക്ക് ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച് ക്ലബിന്റെ പടിയിറങ്ങുകയാണ്. ഒരു വിടവാങ്ങൽ മത്സരം പോലും താരത്തിന് നൽകാനായില്ല എന്ന വിഷമത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടം. എന്നാൽ ബ്ലാസ്റ്റേഴ്സിനോടുള്ള തന്റെ സ്നേഹവും കടപ്പാടും നന്ദിയും അറിയിച്ചിരിക്കുകയാണ് സന്ദേശ് ജിങ്കൻ. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയ ഓൺലൈൻ ചാറ്റ് ഷോയിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ പറ്റി വാചാലനായത്. കേരളം എന്റെ രണ്ടാമത്തെ വീടാണെന്നും എന്നെ ഒരു വ്യക്തിയായി വളർത്തിയത് കേരള ജനതയും ബ്ലാസ്റ്റേഴ്സ് ആരാധകരുമാണ് എന്നാണ് ജിങ്കൻ മനസ്സിൽ തട്ടി പറഞ്ഞത്.
Kerala Blasters and Sandesh Jhingan part ways on mutual consent.
— K e r a l a B l a s t e r s F C (@KeralaBlasters) May 21, 2020
Sandesh leaves our family, to pursue fresh challenges with nothing but love and respect from the entire KBFC community.
(1/3)#YennumBlaster #YennumYellow #ThankyouSandesh pic.twitter.com/vADmIVfahK
” കേരളം എന്റെ രണ്ടാമത്തെ വീടാണ്. കേരള ജനത എനിക്കെന്റെ കുടുംബത്തെ പോലെയാണ്. എന്റെ ഹൃദയത്തിൽ ഒരു പ്രത്യേകസ്ഥാനം പിടിച്ചുപറ്റാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നെ ഒരു വ്യക്തിയായി വളർത്തുന്നതിന് സഹായിച്ചത് അവരാണ്. അനന്യമായ സ്നേഹം അവരെനിക്ക് നൽകി. ഇന്ത്യൻ ടീമിലും അവരെന്നെ പിന്തുണച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവാൻ കഴിഞ്ഞതും ഇത് വരെയുള്ള അനുഭവങ്ങളെല്ലാം തന്നെ എനിക്ക് വളരെ വലിയ സന്തോഷമാണ് നൽകിയത്. കൊച്ചിയിലെ സ്റ്റേഡിയത്തിലെ മത്സരങ്ങൾ ഒക്കെതന്നെയും ഒരുപിടി മധുരമുള്ള ഓർമ്മകളാണ് സമ്മാനിച്ചത്.എന്റെ ശരീരത്തിൽ നൂറിൽ പരം സ്റ്റിച്ചുകൾ ഏൽക്കേണ്ടി വന്നാലും ആരാധകരെ സന്തോഷ്ത്തിനും പുഞ്ചിരിക്കും വേണ്ടിയായിരുന്നു പരിശ്രമിച്ചിരുന്നത് ” സന്ദേശ് ജിങ്കൻ പറഞ്ഞു.