ഐഎസ്എൽ അടുത്ത മാസം ആരംഭിക്കും,ഈ ഐഎസ്എല്ലിനെ കുറിച്ച് അറിയേണ്ടതെല്ലാം !
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം എഡിഷന് അടുത്ത മാസം തുടക്കം കുറിക്കും. ഇന്നലെയാണ് ഇക്കാര്യം ഐഎസ്എൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് പ്രശ്നങ്ങൾ മൂലം കാണികളുടെ അഭാവത്തിലുള്ള ഒരു ഐഎസ്എല്ലാണ് വരാൻ പോവുന്നത്. നവംബർ ഇരുപതാം തിയ്യതിയാണ് ഐഎസ്എൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ ഫൈനൽ കോവിഡ് പ്രശ്നം മൂലം ആരാധകരുടെ അഭാവത്തിലായിരുന്നു നടത്തിയിരുന്നത്.
കഴിഞ്ഞ സീസണിൽ പത്ത് ടീമുകളാണ് ടൂർണമെന്റിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്രാവശ്യം പതിനൊന്ന് ടീമുകൾ ഉണ്ട്. പുതുതായി രണ്ട് ടീമുകൾ ആണ് ഐഎസ്എല്ലിലേക്ക് ചേർന്നിട്ടുള്ളത്. കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളും മോഹൻ ബാഗാനുമാണ് പുതുതായി ചേർന്നിട്ടുള്ളത്. എന്നാൽ മോഹൻ ബഗാൻ നിലവിലെ എടികെയുമായി ലയിച്ചു കൊണ്ടാണ് എടികെ മോഹൻ ബഗാനായി മാറിയിട്ടുണ്ട്. എന്നാൽ ഈസ്റ്റ് ബംഗാൾ ആവട്ടെ എസ് സി ഈസ്റ്റ് ബംഗാൾ എന്ന പേരിൽ ഐഎസ്എല്ലിൽ അരങ്ങേറിയേക്കും.
#HeroISL 2020-21 – Mark your 🗓️
— Indian Super League (@IndSuperLeague) October 21, 2020
Less than a month to go ⏳ pic.twitter.com/JUVTA3Svrq
ഇത്തവണത്തെ മത്സരങ്ങൾ എല്ലാം തന്നെ ഗോവയിൽ വെച്ചാണ് നടക്കുന്നത്. കോവിഡ് പ്രശ്നം മൂലമാണ് ഇങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വ്യത്യസ്ഥ മൈതാനങ്ങളിലാണ് മത്സരം നടക്കുക. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം(ഫറ്റോർഡ), തിലക് നഗർ സ്റ്റേഡിയം (വാസ്കോ ഡാ ഗാമ), അത്‌ലെറ്റിക്ക് സ്റ്റേഡിയം (ബാമ്പോലിം ) എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. കൂടാതെ പന്ത്രണ്ട് പരിശീലനമൈതാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ടീമുകളുടെ പ്രീ സീസണുകൾ എല്ലാം തന്നെ ഗോവയിലാണ് നടക്കുന്നത്. അതേസമയം ബാംഗ്ളൂരു എഫ്സി കർണാടകയിലാണ് നിലവിൽ ഉള്ളത്. ഉടൻ തന്നെ ഗോവയിൽ എത്തിയേക്കും. എല്ലാ വിധ കോവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് ടൂർണമെന്റ് നടത്തുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.