ബ്രസീലിൽ നിന്നും അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബയേർ ലെവർകൂസൻ!
ജർമ്മൻ ക്ലബായ ബയേർ ലെവർകൂസൻ ഇപ്പോഴും അർജന്റൈൻ താരങ്ങളോട് കൂടുതൽ താല്പര്യം കാണിക്കാറുണ്ട്.ലുകാസ് അലാരിയോ,എക്സ്ക്കിയേൽ പലാസിയോസ് എന്നിവർ നിലവിൽ ബയേറിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അർജന്റൈൻ താരങ്ങളാണ്.ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ലെവർകൂസൻ.
ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനയ്റോക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന മറ്റിയാസ് സറാക്കോയെയാണ് ഇപ്പോൾ ലെവർകൂസൻ ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.23-കാരനായ താരം അറ്റാകിംഗ് മിഡ്ഫീൽഡർ പൊസിഷനിലാണ് കളിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലെവർകൂസൻ താരത്തെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്.
Bayer Leverkusen linked to Argentine Matías Zaracho of Atletico Mineiro. https://t.co/V6aKk0W4q2
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 1, 2022
2020-ലായിരുന്നു താരം റേസിംഗ് ക്ലബ്ബിൽ നിന്നും അത്ലറ്റിക്കോ മിനയ്റോയിലേക്ക് എത്തിയത്. ഇതിനോടകംതന്നെ അത്ലറ്റികോക്കൊപ്പം നാല് കിരീടങ്ങൾ നേടാൻ സറാക്കോക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ 50 ശതമാനം മാത്രമാണ് താരത്തിന്റെ വിലയിൽ മിനയ്റോക്ക് അവകാശമുള്ളൂ. ബാക്കി 50% മുൻ ക്ലബ്ബായ റേസിംഗിന് അവകാശപ്പെട്ടതാണ്.19 മില്യൺ ഡോളറാണ് താരത്തിന്റെ വിലയായി കൊണ്ട് കണക്കാക്കപ്പെടുന്നത്.
നേരത്തെ അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി ഒരു മത്സരം കളിക്കാനുള്ള അവസരം സറാക്കോക്ക് ലഭിച്ചിട്ടുണ്ട്.2019 മാർച്ച് ഇരുപത്തിയാറാം തീയതി നടന്ന മോറോക്കോക്കെതിരെയുള്ള സൗഹൃദമത്സരത്തിലായിരുന്നു താരം അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. സൂപ്പർ താരം ലിയാൻഡ്രോ പരേഡസിന്റെ പകരക്കാരനായി കൊണ്ടാണ് സറാക്കോ കളത്തിലേക്ക് എത്തിയിരുന്നത്.