ഡോർട്മുണ്ട് സൂപ്പർ താരം ടീം വിടുന്നു

ഡോർട്മുണ്ടിന്റെ ജർമ്മൻ സൂപ്പർ താരം മരിയോ ഗോട്സെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടുമെന്നുറപ്പായി. ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആയാണ് താരം ക്ലബ്‌ വിടുകയെന്ന് ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മിഷേൽ സോർക്ക് സ്ഥിരീകരിച്ചു. ഈ സീസണോടെ താരവും ക്ലബുമായുള്ള കരാർ അവസാനിക്കുകയാണ്. ശനിയാഴ്ച്ച വോൾഫ്സ്ബർഗിനെതിരായ മത്സരത്തിന് ശേഷമാണ് സോർക്ക് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

” ഈ സമ്മറോടെ താരത്തിന് ക്ലബ്‌ വിടാം. തീർച്ചയായും ഇതൊരു ഉചിതമായ, ബഹുമാനമർഹിക്കുന്ന തീരുമാനം തന്നെയാണ്. ഗോട്സെ ഒരു മഹത്തായ താരം തന്നെയാണ് ” അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പടുത്തി. ഈ സീസണിൽ താളം കണ്ടെത്താൻ നന്നേ പാടുപെട്ടിരുന്നു താരം. കേവല ആറ് മത്സരങ്ങളിൽ മാത്രമാണ് ഈ സീസണിൽ താരത്തിന് ആദ്യഇലവനിൽ ഇടംനേടാനായത്. ജർമ്മനിയിലെ മറ്റൊരു ക്ലബ്ബിലേക്ക് താരം പോവാനുള്ള സാധ്യത കുറവാണ്. ഇറ്റലിയിലേക്കായിരിക്കും താരം പോവുക. 2014 വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ നേടിയ വിജയഗോളിലൂടെയാണ് പല ഫുട്ബോൾ ആരാധകരും താരത്തെ ഓർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *