ഒഫീഷ്യൽ:പിഎസ്ജി സൂപ്പർ താരം ഡോർട്മുണ്ടിൽ ചേർന്നു.

PSGയുടെ ബെൽജിയൻ താരം തോമസ് മുനിയറിനെ ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് സൈൻ ചെയ്തു. ബൊറൂസിയ ഡോർട്ട്മുണ്ട് തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ ഹാൻ്റിലിലൂടെയും ആരാധകരെ അറിയിച്ചിരിക്കുന്നത്. 2024 വരെയാണ് താരം ഡോർട്ട്മുണ്ടുമായി കരാറിൽ എത്തിയിരിക്കുന്നത്. മുനിയറുടെ PSGയുമായുള്ള കോൺട്രാക്ട് ജൂലൈ അവസാനത്തോടെ പൂർത്തിയായിരുന്നു. തുടർന്ന് ചാമ്പ്യൻസ് ലീഗ് കഴിയുന്നത് വരെ താരത്തിൻ്റെ സേവനം ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് അവസാനം വരെ കോൺട്രാക്ട് എക്സ്റ്റൻ്റ് ചെയ്യുന്നതിനുള്ള ഓഫർ PSGമുന്നോട്ട് വെച്ചെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിലാണ് മുനിയർ ഡോർട്ട്മുണ്ടിൽ ചേർന്നിരിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ട് താൻ കളിക്കാൻ ഇഷ്ടപ്പെടുന്ന അതേ തരത്തിലുള്ള ഫുട്ബോളാണ് കളിക്കുന്നതെന്നും അത് വളരെ ആധികാരികവും നൈസർഗ്ഗികവുമാണെന്നും മുനിയർ ക്ലബ്ബിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. ഡോർട്ട്മുണ്ട് ആരാധകരെക്കുറിച്ച് ഏറെ മതിപ്പ് പ്രകടിപ്പിച്ച താരം ചാമ്പ്യൻസ് ലീഗൽ PSG vs BVB മത്സരത്തിൽ സിഗ്നൽ ഇദുന പാർക്കിൽ കളിക്കാനിറങ്ങിയപ്പോഴുള്ള അനുഭവവും തൻ്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതായി കൂട്ടിച്ചേർത്തു.

ഡോർട്ട്മുണ്ടിൻ്റെ നിരയിൽ കളിക്കുന്ന തോർഗൻ ഹസാർഡും അക്സെൽ വിറ്റ്സെലും ബെൽജിയൻ ദേശീയ ടീമിൽ മുനിയറുടെ സഹതാരങ്ങളാണ്. ഏതായാലും ചാമ്പ്യൻസ് ലീഗിനായി തയ്യാറെടുക്കുന്ന PSGക്ക് മുനിയറുടെ ഈ കൂടുമാറ്റം വലിയ തിരിച്ചടിയാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *