അഷ്‌റഫ്‌ ഹാക്കിമിക്ക് പിന്നാലെ ബയേണും, തീരുമാനമെടുക്കാതെ റയൽ മാഡ്രിഡ്‌

ഈ രണ്ട് വർഷത്തിനുള്ളിൽ തന്റെ പ്രകടനം ഏറെ മെച്ചപ്പെട്ട താരമാണ് മൊറോക്കോയുടെ റൈറ്റ് ബാക്ക് ആയ അഷ്‌റഫ്‌ ഹാക്കിമി. റയൽ മാഡ്രിഡ്‌ താരമായ ഹാക്കിമി രണ്ട് വർഷങ്ങൾക്ക് മുൻപ് ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ലോണാടിസ്ഥാനത്തിൽ കൂടുമാറുകയായിരുന്നു. അന്ന് താരത്തിന്റെ വില കേവലം 7.5 മില്യൺ യുറോ മാത്രമായിരുന്നു. എന്നാൽ ഈ രണ്ട്വർഷക്കാലയളവിൽ താരം മികവിന്റെ പാരമ്യതയിലെത്തി. ഡോർട്മുണ്ടിൽ ആദ്യഇലവനിൽ സ്ഥിരസാന്നിധ്യമായ താരം 65 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളും പതിനേഴ് അസിസ്റ്റും സ്വന്തം പേരിൽ എഴുതിചേർത്തു. മാത്രമല്ല പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്താൻ താരത്തിനായി.

എന്നാൽ ഈ വർഷം താരത്തിന്റെ ലോൺ കാലാവധി തീരുന്നതോടെ താരത്തിന്റെ ഭാവി കരിയർ എവിടെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. താരത്തെ റയലിലേക്ക് തിരിച്ചു കൊണ്ട് വരണമെന്നാണ് റയൽ ആരാധകരുടെ ആവിശ്യം. പ്രത്യേകിച്ച് റയലിൽ ഡാനി കാർവഹലിന് പറ്റിയ ഒരു പകരക്കാരൻ ഇല്ലാത്ത ഈ അവസരത്തിൽ ഹാക്കിമിയെ വിട്ടുകൊടുക്കരുത് എന്നഭിപ്രായക്കാരാണ് ഭൂരിഭാഗം പേരും. ചിലർ ഒരു വർഷം കൂടി താരത്തിന്റെ ലോൺ നീട്ടി, അടുത്ത വർഷം താരത്തെ ടീമിലേക്കെത്തിച്ചാൽ മതി എന്ന അഭിപ്രായവും മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ബൊറൂസിയക്കാവട്ടെ താരത്തെ സ്വന്തമാക്കാൻ അതിയായ ആഗ്രഹവുമുണ്ട്.

പക്ഷെ ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. എന്നാൽ അഷ്‌റഫ്‌ ഹാക്കിമി സ്വന്തമാക്കൽ ബയേണിന് മുന്നിൽ വലിയൊരു വെല്ലുവിളി ആയിരിക്കും. എന്നാൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചുവിളിച്ചാൽ സന്തോഷത്തോടെ പോകുമെന്നായിരുന്നു കുറച്ചു ദിവസങ്ങൾക്ക് അഷ്‌റഫ്‌ ഹാക്കിമി അഭിപ്രായപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *