അൽ ഹിലാലിനോട് പുതിയ ആവശ്യവുമായി മെസ്സി, വ്യത്യാസം വരുമെന്ന് മറുപടി!
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ പിതാവ് തുറന്നു പറഞ്ഞു കഴിഞ്ഞു. മെസ്സിയുടെ പിതാവും ലാപോർട്ടയും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു.
പക്ഷേ ഒരു ഓഫർ സമർപ്പിക്കാൻ ബാഴ്സക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എത്രയും പെട്ടെന്ന് ഒരു ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്. അതേസമയം ഉടൻ തന്നെ തന്റെ ഭാവിയെ കുറിച്ച് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ലയണൽ മെസ്സി ഇറക്കുമെന്നും അറിയാൻ സാധിക്കുന്നുണ്ട്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസ്സിയെ എത്തിക്കാൻ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്. ഒരു വർഷത്തിന് 500 മില്യൻ യൂറോ എന്ന വലിയ തുകയാണ് മെസ്സിക്ക് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടുവർഷത്തേക്കുള്ള കോൺട്രാക്ട് അവർ ഓഫർ ചെയ്തിട്ടുണ്ട്. അത് സ്വീകരിച്ചു കൊണ്ട് മെസ്സി വരുമെന്നായിരുന്നു അൽ ഹിലാൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ സൗദി അറേബ്യൻ ക്ലബ്ബിനോട് മെസ്സി മറ്റൊരു ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. 2024 വരെ കാത്തിരിക്കാനാണ് മെസ്സി അൽ ഹിലാലിനോട് പറഞ്ഞിട്ടുള്ളത്.
Leo Messi has asked to postpone negotiations with Al-Hilal until 2024! pic.twitter.com/rR4ZHwEdkV
— Leo Messi 🔟 Fan Club (@WeAreMessi) June 5, 2023
മെസ്സിയുടെ ഈ തീരുമാനവും ആവശ്യവും അൽ ഹിലാൽ ക്ലബ്ബിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രതീക്ഷകൾ താളം തെറ്റുകയായിരുന്നു. പക്ഷേ അടുത്ത വർഷം മെസ്സി വരുകയാണെങ്കിൽ ഇതേ ഓഫർ ഉണ്ടാവില്ല, ഓഫർ വ്യത്യസ്തമായിരിക്കും എന്നുള്ള കാര്യം മെസ്സിയെ അൽ ഹിലാൽ അറിയിച്ചിട്ടുണ്ട്. ഏതായാലും ഹിലാലിന്റെ കാര്യത്തിൽ മെസ്സി ഒരു അന്തിമ തീരുമാനം വൈകാതെ കൈക്കൊണ്ടെക്കും.
അൽ ഹിലാലിനെ കൂടാതെ ഇന്റർ മിയാമിയും മെസ്സിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. ബാഴ്സ,അൽ ഹിലാൽ,ഇന്റർ മിയാമി എന്നീ മൂന്ന് ക്ലബ്ബുകളിൽ ഏതെങ്കിലും ഒരു ക്ലബ്ബിലായിരിക്കും അടുത്ത സീസണിൽ മെസ്സി കളിക്കുക. പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താല്പര്യമുണ്ടെങ്കിലും ഇതുവരെ യാതൊരു പുരോഗതിയും രേഖപ്പെടുത്തിയിട്ടില്ല.