ഞാനെന്റെ കരിയറിൽ കണ്ട ഏറ്റവും മോശം വ്യക്തിയാണ് അദ്ദേഹം: ക്രിസ്റ്റ്യാനോയുടെ പുതിയ പരിശീലകനെ കുറിച്ച് ബ്രസീലിയൻ ഇതിഹാസം ജൂനിഞ്ഞോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ ജേഴ്സിയിലാണ് നമുക്ക് കാണാൻ കഴിയുക. 2025 വരെയുള്ള ഒരു കരാറിലാണ് ക്രിസ്റ്റ്യാനോ സൈൻ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ആരാധകരുള്ളത്.

ഫ്രഞ്ച് പരിശീലകനായ റൂഡി ഗാർഷ്യയാണ് അൽ നസ്സ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കുക. മുമ്പ് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണിനെ റൂഡി ഗാർഷ്യ പരിശീലിപ്പിച്ചിരുന്നു. അന്ന് ലിയോണിന്റെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്ത് ഉണ്ടായിരുന്നത് ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോയായിരുന്നു. ഇവർ രണ്ടുപേരും വളരെ മോശം ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ ജൂനിഞ്ഞോ റൂഡി ഗാർഷ്യക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ജൂനിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” റൂഡി ഗാർഷ്യക്കൊപ്പമുള്ള എന്റെ അനുഭവം വളരെയധികം മോശമായതായിരുന്നു. ഞാൻ എന്റെ കരിയറിൽ കണ്ടിട്ടുള്ള ഏറ്റവും മോശവും പൈശാചികവുമായ സ്വഭാവമുള്ള വ്യക്തിയാണ് റൂഡി ഗാർഷ്യ. എങ്ങനെയാണ് നയിക്കേണ്ടത് എന്നുള്ള കാര്യത്തിനെ കുറിച്ച് യാതൊരുവിധ അറിവുമില്ലാത്ത വ്യക്തിയാണ് അദ്ദേഹം.മറ്റുള്ളവരിലേക്ക് ഭയം കുത്തിനിറച്ചു കൊണ്ടാണ് അദ്ദേഹം നയിക്കുന്നത്. പവർ ഉള്ള വ്യക്തികളെയോ അല്ലെങ്കിൽ തനിക്ക് എന്തെങ്കിലും ഗുണം കിട്ടുന്ന വ്യക്തികളെയോ മാത്രമേ അദ്ദേഹം ബഹുമാനിക്കുകയുള്ളൂ ” ഇതാണ് റൂഡി ഗാർഷ്യക്കെതിരെ ജൂനിഞ്ഞോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഗാർഷ്യക്ക് കീഴിൽ മികച്ച പ്രകടനം നടത്താൻ ഇപ്പോൾ അൽ നസ്സ്റിന് സാധിക്കുന്നുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള അൽ നസ്സ്ർ തന്നെയാണ് സൗദി അറേബ്യൻ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *