അഭ്യൂഹങ്ങൾക്ക് വിരാമം, തിയാഗോ അൽകാന്ററ ഇനി ലിവർപൂളിനൊപ്പം !
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ശേഷം ഒടുവിൽ തിയാഗോ അൽകാന്ററയുടെ ട്രാൻസ്ഫർ യഥാർഥ്യമാവുന്നു. താരത്തിന്റെ കാര്യത്തിൽ ലിവർപൂളും ബയേൺ മ്യൂണിക്കും തമ്മിൽ ധാരണയിൽ എത്തി കഴിഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇരുപത് മില്യൺ ട്രാൻസ്ഫർ ഫീയും അഞ്ച് മില്യൺ ബോണസുമായി ആകെ ഇരുപത്തിയഞ്ച് മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിച്ചിരിക്കുന്നത്. ഏറെ കാലത്തെ വിലപേശലുകൾക്കൊടുവിലാണ് ഇരുക്ലബുകളും ധാരണയിൽ എത്തുന്നത്. നാലു വർഷത്തെ കരാറിലാണ് താരം പ്രീമിയർ ലീഗ് ചാമ്പ്യൻമാരുമായി ഒപ്പുവെക്കുക. ലിവർപൂളിൽ ആറാം നമ്പർ ജേഴ്സിയായിരിക്കും താരം അണിയുക. ബയേണുമായി കരാർ പുതുക്കാൻ തയ്യാറാവാതിരുന്ന തിയാഗോ പുറത്തേക്ക് തന്നെയാണെന്ന് മുമ്പേ വ്യക്തമായിരുന്നു. നിലവിൽ ഒരു വർഷം കൂടി ബയേണിൽ കരാർ അവശേഷിക്കുന്നതിനിടെയാണ് താരം ക്ലബ് വിട്ടത്. താരത്തെ സൈൻ ചെയ്ത ഔദ്യോഗികസ്ഥിരീകരണം ഉടൻ തന്നെ ഉണ്ടായേക്കും.
Thiago Alcantara will sign his contract as new Liverpool player until June 2024. The agreement is 100% completed also with the player as with Bayern Münich [€30m add ons included]. The official announcement is just a matter of time… here we go! 🔴 #LFC #Thiago #transfers
— Fabrizio Romano (@FabrizioRomano) September 17, 2020
യുർഗൻ ക്ലോപിന് ഏറെ ഇഷ്ടപ്പെട്ട താരമാണ് തിയാഗോ. ഈ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ബയേൺ മ്യൂണിക്കിനെ വളരെയധികം സഹായിച്ച താരമാണ് തിയാഗോ. ഇരുപത്തിയൊമ്പതുകാരനായ താരത്തിന്റെ വരവോടു കൂടി ലിവർപൂൾ ശക്തരാവും എന്ന കാര്യത്തിൽ സംശയമില്ല. താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ടായിരുന്നു. ബാഴ്സയിലൂടെ വളർന്ന താരത്തെ 2013-ൽ പെപ് ഗ്വാർഡിയോളയായിരുന്നു ബയേൺ മ്യൂണിക്കിൽ എത്തിച്ചത്. തുടർന്ന് ഏഴ് വർഷക്കാലം ബയേണിൽ തുടർന്നതിന് ശേഷമാണ് താരം കളമൊഴിയുന്നത്. ഏഴ് വർഷവും ബുണ്ടസ്ലിഗ കിരീടം നേടിയത് ബയേൺ തന്നെയാണ്. ഈ സീസണിൽ ആകെ നാല്പത് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി മൂന്നു ഗോളും രണ്ട് അസിസ്റ്റും ഈ മിഡ്ഫീൽഡർ നേടി കഴിഞ്ഞു.
BREAKING: Liverpool agree £27m fee with Bayern Munich for Thiago https://t.co/2kXcQA4Pko pic.twitter.com/xCgiO1QBQZ
— MailOnline Sport (@MailSport) September 17, 2020