ഡോർട്ട്മുണ്ടിനെ തകർത്തു, PSG ക്വോർട്ടറിൽ
PSG യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന പ്രീ ക്വോർട്ടർ രണ്ടാം പാദ മത്സരത്തിൽ അവർ എതിരില്ലാത്ത 2 ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി. PSGക്ക് വേണ്ടി നെയ്മർ, യുവൻ ബെർനാറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ 3-2ൻ്റെ അഗ്രിഗേറ്റ് വിജയവുമായാണ് അവർ ക്വോർട്ടർ ഫൈനലിന് യോഗ്യത നേടിയത്.
Wunderbar. https://t.co/WXynzzRxrH pic.twitter.com/Km9qLzU90B
— Paris Saint-Germain (@PSG_inside) March 11, 2020
PSGയുടെ മൈതാനത്ത് നടന്ന മത്സരം കാണാൻ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. എന്നിട്ടും ആവേശം ഒട്ടും ചോരാതെ പന്ത് തട്ടിയ PSG ആദ്യ പകുതിയിൽ തന്നെ 2 ഗോളുകളും നേടിയിരുന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ ഏഞ്ചൽ ഡി മരിയയുടെ കോർണർ ഹെഡ്ഡറിലൂടെ വലയിലാക്കിയ നെയ്മർ അവരെ മുന്നിലെത്തിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പാബ്ലോ സറാബിയയുടെ അസിസ്റ്റിൽ നിന്നും യുവാൻ ബെർനാറ്റ് സ്കോർ ചെയ്തതോടെ എതിരില്ലാത്ത 2 ഗോളുകളുടെ ലീഡുമായാണ് PSG ഇടവേളക്ക് പോയത്.
രണ്ടാം പകുതിയിൽ ഇരു ഭാഗത്തേക്കും ആക്രമണ – പ്രത്യാക്രമണങ്ങൾ നടന്നെങ്കിലും ഗോളുകൾ പിറന്നില്ല. എൺപത്തിയൊമ്പതാം മിനുട്ടിൽ എംറെ കാൻ റെഡ് കാർഡ് കണ്ടതോടെ 10 പേരുമായാണ് ഡോർട്ട്മുണ്ട് മത്സരം പൂർത്തിയാക്കിയത്.