ബാഴ്സ വിടാനാവില്ലെന്ന് ലാലിഗ, മെസ്സിക്ക് കനത്ത തിരിച്ചടി !

എഫ്സി ബാഴ്സലോണ വിടാനൊരുങ്ങി നിൽക്കുന്ന ലയണൽ മെസ്സിക്ക് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ട് ലാലിഗയുടെ ഔദ്യോഗികപ്രസ്താവന. മെസ്സിക്ക് ബാഴ്സ വിടാനാവില്ല എന്നാണ് ലാലിഗ അധികൃതർ തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ അറിയിച്ചത്. അതായത് ഒരു താരത്തിന് അതാതു ക്ലബുമായി കരാർ നിൽക്കെ അത്‌ ലംഘിച്ചു കൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയില്ല എന്നാണ് ലാലിഗ ഔദ്യോഗികമായി പ്രസ്താവിച്ചത്. അതിനുള്ള നിയമവകുപ്പുകളും ലാലിഗ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെ താരത്തിന് ക്ലബ് വിട്ട് പോവണമെങ്കിൽ തീർച്ചയായും താരത്തെ വാങ്ങുന്ന ക്ലബ് റിലീസ് ക്ലോസ് മുഴുവനും അടക്കണം എന്നാണ് ലാലിഗ പറയുന്നത്. അതായത് മെസ്സിയെ മാഞ്ചസ്റ്റർ സിറ്റിക്കോ മറ്റേതെങ്കിലും ക്ലബിനോ സ്വന്തമാക്കണമെങ്കിൽ 700 മില്യൺ യുറോ ബാഴ്സക്ക് നൽകണം എന്നർത്ഥം.

മെസ്സിയുടെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂൺ പത്തിന് അവസാനിച്ചുവെങ്കിലും അതിന് നിയമസാധുത ഇല്ല എന്നായിരുന്നു താരത്തിന്റെ അഭിഭാഷകസംഘം വാദിച്ചിരുന്നത്. അതായത് ജൂൺ പത്തിന് അവസാനിച്ച ഫ്രീ ട്രാൻസ്ഫർ ക്ലോസ് കോവിഡ് കാരണം ഇപ്പോഴും നിലനിൽക്കേണ്ടത് ആണ് എന്നായിരുന്നു ഇവരുടെ വാദം. പക്ഷെ അതിന് നിലനിൽപ്പില്ല എന്നും അത്‌ ജൂൺ പത്തോട് കൂടി കഴിഞ്ഞുവെന്നുമാണ് ഈ പ്രസ്താവനയിലൂടെ ലാലിഗ വ്യക്തമാക്കിയത്. ഇതോടെ ക്ലബ് വിടാൻ മോഹിച്ച മെസ്സിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇനി ആകെയുള്ള മാർഗം ബാഴ്സ താരത്തെ അനുവദിക്കണം എന്നുള്ളതാണ്. നിലവിൽ ബാഴ്സ വഴങ്ങുന്ന മട്ടില്ല. അതേ സമയം ഇന്ന് നടന്ന പിസിആർ ടെസ്റ്റിന് മെസ്സി ഹാജരായിട്ടില്ല. നാളത്തെ ട്രെയിനിങ്ങിന് കൂടി മെസ്സി ഹാജറായിട്ടില്ലെങ്കിൽ ബാഴ്സക്ക് മെസ്സിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *