ആവിശ്യമുണ്ടെന്നറിയിച്ച് കൂമാൻ, ബാഴ്സയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പ് നൽകി കൂട്ടീഞ്ഞോ !

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്ന് ഏകദേശം ഉറപ്പാവുന്നു. കഴിഞ്ഞ ദിവസം താരം തന്നെ ഇക്കാര്യം നേരിട്ട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാൻ കൂട്ടീഞ്ഞോ ഫോണിൽ നേരിട്ട് ബന്ധപ്പെടുകയും താരത്തെ ബാഴ്സക്ക് ആവിശ്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൂട്ടീഞ്ഞോ ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് കൂമാന് ഉറപ്പ് നൽകി. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ സീസണിൽ ആയിരുന്നു കൂട്ടീഞ്ഞോ ബാഴ്സയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിൽ എത്തിയത്. ഈ സീസണിൽ ബയേണിന് വേണ്ടി 36 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ താരം അടിച്ചിരുന്നു. കൂടാതെ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാനും കൂട്ടീഞ്ഞോക്ക് കഴിഞ്ഞു. ബാഴ്സയിലേക്ക് തന്നെ തിരികെ പോവുമെന്നും എന്താണ് സംഭവിക്കുക എന്ന് കാണാമെന്നുമായിരുന്നു കൂട്ടീഞ്ഞോയുടെ പ്രസ്താവന. ഇതിന് ശേഷം താരം ഹോളിഡേ ആഘോഷിക്കാൻ വേണ്ടി ജന്മനാടായ ബ്രസീലിലേക്ക് മടങ്ങുകയും ചെയ്തു.

തുടർന്നാണ് പരിശീലകൻ കൂമാൻ താരത്തെ ഫോണിൽ ബന്ധപ്പെട്ടത്. മുമ്പ് അഭിമുഖത്തിൽ തന്നെ കൂട്ടീഞ്ഞോക്ക് തന്റെ ടീമിൽ ഇടമുണ്ടെന്ന് കൂമാൻ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കൂട്ടീഞ്ഞോയോട് കൂമാൻ നേരിട്ട് പറയുകയും ചെയ്തു. ആദ്യം ചാമ്പ്യൻസ് ലീഗ് നേടിയതിൽ താരത്തെ അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ചത്. കൂമാന്റെ ഇഷ്ടതാരമാണ് കൂട്ടീഞ്ഞോ എന്നാണ് വിവരം. താരത്തിന്റെ യഥാർത്ഥ പൊസിഷൻ ആയ അറ്റാക്കിങ് മിഡ്ഫീൽഡർ റോൾ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ആദ്യഇലവനിൽ തന്നെ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ തിരികെ വരുമെന്ന് കൂട്ടീഞ്ഞോ ഉറപ്പ് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കൂമാൻ തന്റെ ടീമിൽ ഇടംലഭിക്കില്ല എന്ന് സുവാരസിനെ അറിയിച്ച സാഹചര്യത്തിൽ താരം ക്ലബ് വിടലിന്റെ വക്കിലാണ്. ഏതായാലും കൂട്ടീഞ്ഞോയുടെ കഴിവുകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കൂമാൻ.

Leave a Reply

Your email address will not be published. Required fields are marked *