മെസ്സിക്ക് എപ്പോഴും പിഎസ്ജിയിലേക്ക് സ്വാഗതം: ടുഷേൽ.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്‌സയിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്നുള്ളത് വ്യക്തമായ കാര്യമാണ്. പ്രത്യേകിച്ചും താരത്തിന്റെ കരാർ ഒരു വർഷം കൂടി മാത്രമേ ബാക്കിയൊള്ളൂ. എന്നാൽ ഇതുവരെ മെസ്സി കരാർ പുതുക്കാൻ സമ്മതിക്കാത്തത് വലിയ തോതിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നീ മൂന്നു ക്ലബുകളാണ് മെസ്സിക്ക് വേണ്ടി രംഗത്തുള്ളവരും മെസ്സിയെ വാങ്ങാൻ ശേഷിയുള്ളവരും എന്ന് പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇപ്പോഴിതാ മെസ്സിക്ക് വേണ്ടി പിഎസ്ജി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. സൂപ്പർ താരത്തിന് എപ്പോൾ വേണമെങ്കിലും പിഎസ്ജിയിലേക്ക് വരാമെന്നും തങ്ങൾ സ്വാഗതം ചെയ്യുമെന്നാണ് പരിശീലകൻ ടുഷേൽ അറിയിച്ചത്. മെസ്സിയെ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കാത്ത പരിശീലകർ ഉണ്ടാവില്ലെന്നും എന്നാൽ മെസ്സി ബാഴ്‌സയിൽ തന്നെ കരിയർ ഫിനിഷ് ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ടുഷേൽ അറിയിച്ചു. ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയമറിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടുഷേൽ.

” മെസ്സിക്ക് പിഎസ്ജിയിലേക്ക് എപ്പോഴും സ്വാഗതം. മെസ്സിയെ വേണ്ട എന്ന് ഏത് പരിശീലകനാണ് പറയുക. പക്ഷെ എനിക്ക് തോന്നുന്നത് മെസ്സി ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും എന്നാണ് ” ഇതായിരുന്നു ടുഷേൽ മെസ്സിയെ കുറിച്ച് പരാമർശിച്ച ഭാഗം. ” ഞങ്ങൾക്ക് കവാനിയെയും തോമസ് മുനീറിനെയും നഷ്ടമായി. ഇപ്പോൾ സിൽവയും പോകുന്നു. ബയേണിനെ പോലെ ഞങ്ങളും ടീം ശക്തിപ്പെടുത്താൻ വേണ്ടി നിക്ഷേപിക്കേണ്ടതുണ്ട്. അവരുടെ ലെവലിൽ പിഎസ്ജി എത്തണമെങ്കിൽ പുതിയ താരങ്ങളെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കണം. തീർച്ചയായും ഞങ്ങൾക്കതിന് സാധിക്കും. ഞങ്ങൾ ട്രാൻസ്ഫറുകളെ കുറിച്ച് അധികം സംസാരിക്കാറില്ല. മറിച്ച് തീരുമാനം എടുക്കാറാണ് ഉള്ളത് ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *