ഇത് ഗുരുതരമായ പ്രശ്നം: സ്വയം മുറിവേൽപ്പിച്ചതിൽ മാപ്പ് പറഞ്ഞ് പെപ്!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകളുടെ ലീഡിൽ മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ഫെയെനൂർദ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.ഇതോടെ മാഞ്ചസ്റ്റർ സിറ്റി ജയം കൈവിട്ടു.അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നില്ല.തുടർച്ചയായി അഞ്ചു തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതിൽ പരിശീലകനായ പെപ് വളരെയധികം നിരാശപ്പെട്ടിരുന്നു. അദ്ദേഹം മുഖത്തും തലയിലും സ്വയം മുറിവുകൾ വരുത്തിവെക്കുകയും ചെയ്തിരുന്നു. മുറിവ് താൻ തന്നെ ഉണ്ടാക്കിയതാണ് എന്ന് അദ്ദേഹം പ്രസ് കോൺഫറൻസിൽ പറയുകയും ചെയ്തിരുന്നു.ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് ഈ പരിശീലകന് ലഭിച്ചത്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പെരുമാറുന്നു എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച വിമർശനം.ഇതിന് പിന്നാലെ ഈ വിഷയത്തിൽ അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ നൽകിയ മറുപടി സ്വയം മുറിവേൽപ്പിക്കുന്ന ഗുരുതരമായ പ്രശ്നത്തെ വിലകുറച്ച് കാണാനുള്ളതായിരുന്നില്ല.എന്റെ നഖം തട്ടി ആകസ്മികമായി സംഭവിച്ചതാണ് എന്നാണ് ഞാൻ പറഞ്ഞത്.സ്വയം ദ്രോഹിക്കുന്നത് ഒരു ഗുരുതരമായ പ്രശ്നമാണ്.അതിനെ നിസ്സാരവൽക്കരിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നുള്ള കാര്യം എനിക്കറിയാം. അതിനെക്കുറിച്ച് ബോധവൽക്കരിക്കാൻ ഞാൻ ഈ നിമിഷം ഉപയോഗപ്പെടുത്തുന്നു. അത്തരത്തിലുള്ള ആളുകൾ എന്തായാലും സഹായം തേടേണ്ടതുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

പെപ് സ്വയം മുറിവേൽപ്പിച്ചതിൽ വലിയ ചർച്ചകളായിരുന്നു ഫുട്ബോൾ ലോകത്ത് അരങ്ങേറിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റി നടത്തുന്ന പരിതാപകരമായ പ്രകടനത്തിൽ അദ്ദേഹം വളരെയധികം അസ്വസ്ഥനാണ്. അടുത്ത മത്സരത്തിൽ ലിവർപൂളിനെ ആൻഫീൽഡിൽ വച്ചുകൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക. സിറ്റിയെ സംബന്ധിച്ചിടത്തോളം വളരെയധികം കഠിനമായ ഒരു മത്സരം തന്നെയായിരിക്കും അത്.

Leave a Reply

Your email address will not be published. Required fields are marked *