യമാലും ലെവയും കലിപ്പിലായി, പ്രതികരിച്ച് ഫ്ലിക്ക്!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു അവർ യങ്ങ് ബോയ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റോബർട്ട് ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ 75 മിനിറ്റിൽ പരിശീലകൻ ഫ്ലിക്ക് ലെവന്റോസ്ക്കിയേയും യമാലിനെയും പിൻവലിച്ചിരുന്നു.ഇത് രണ്ടുപേർക്കും ഒട്ടും പിടിച്ചിരുന്നില്ല.അവർ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഹാട്രിക്ക് നേടുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ലെവ ഉണ്ടായിരുന്നത്.അതേസമയം കൂടുതൽ നേരം കളിക്കാൻ യമാലും ആഗ്രഹിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ടതോടുകൂടിയാണ് രണ്ടുപേരും ദേഷ്യം പ്രകടിപ്പിച്ചത്. ഇന്നലത്തെ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ഫ്ലിക്ക് സംസാരിച്ചിട്ടുണ്ട്. രണ്ടുപേരും ദേഷ്യം പ്രകടിപ്പിച്ചത് സാധാരണമായ ഒരു കാര്യമാണ് എന്നാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അവർ ദേഷ്യം പ്രകടിപ്പിച്ചത് സാധാരണമായ കാര്യമാണ്.ഏത് താരങ്ങളെ പിൻവലിച്ചാലും അവർക്ക് ദേഷ്യം ഉണ്ടാകും.കാരണം എല്ലാവരും മുഴുവൻ സമയവും കളിക്കാൻ ആഗ്രഹിക്കുന്നവരാണ്.പക്ഷേ ഞങ്ങൾ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.അത് അനിവാര്യമാണ്. ഞാൻ തീരുമാനങ്ങൾ എടുക്കും,അത് അവർ അംഗീകരിക്കുക തന്നെ ചെയ്യും.യമാലിന്റെ ആറ്റിറ്റ്യൂഡ് വളരെയധികം പോസിറ്റീവ് ആയിരുന്നു “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
രണ്ടുപേരും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.സീസണിൽ 5 ഗോളുകളും 5 അസിസ്റ്റുകളും യമാൽ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അതേസമയം 10 ഗോളുകൾ സീസണിൽ ലെവ നേടി കഴിഞ്ഞിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയും അലാവസും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നാണ് മത്സരം അരങ്ങേറുക.