അലജാൻഡ്രോ ഗർനാച്ചോയുടെ വെക്കേഷൻ ജയിലിൽ!
അർജന്റൈൻ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. കൂടാതെ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിന്റെ ഭാഗമാവാനും ഗർനാച്ചോക്ക് സാധിച്ചിരുന്നു. കുറച്ച് മിനിറ്റുകൾ മാത്രമാണ് അദ്ദേഹം ടൂർണമെന്റിൽ കളിച്ചിട്ടുള്ളത്.
എന്നിരുന്നാലും താരം അർജന്റീനക്ക് വേണ്ടി പങ്കെടുത്ത ആദ്യ മേജർ ടൂർണമെന്റിൽ തന്നെ കിരീടം നേടാൻ കഴിഞ്ഞു എന്നത് ഗർനാച്ചോക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഏതായാലും കിരീടം നേടിയതിനു ശേഷം വെക്കേഷനിലേക്ക് പ്രവേശിച്ച ഗർനാച്ചോ ആദ്യം സന്ദർശിച്ചത് ജയിലാണ്. അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിതിചെയ്യുന്ന ജോലിയറ്റ് കറക്ഷണൽ സെന്റർ എന്ന ജയിലാണ് താരം ആദ്യം സന്ദർശിച്ചിട്ടുള്ളത്.
ഇതിന് ഒരു കാരണവുമുണ്ട്. സിനിമ പ്രേമികൾക്കും സീരിസ് പ്രേമികൾക്കും സുപരിചിതമായ ഒരു സീരിസാണ് പ്രിസൺ ബ്രേക്ക്. 2005 മുതൽ 2017 വരെയുള്ള കാലയളവിൽ 5 സീസണുകൾ ആയിക്കൊണ്ടാണ് ഈ സീരിസ് പുറത്തിറങ്ങിയിട്ടുള്ളത്.ഈയൊരു അമേരിക്കൻ കടുത്ത ആരാധകനാണ് ഗർനാച്ചോ. അഞ്ച് തവണ ഈ സീരീസ് താൻ കണ്ടിട്ടുണ്ടെന്ന് നേരത്തെ ഗർനാച്ചോ തന്നെ വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു അർജന്റൈൻ യുവ പ്രതിഭയായ വാലന്റീൻ കാർബോണിയും ഈ സീരീസിന്റെ ആരാധകനാണ്.പ്രിസൺ ബ്രേക്ക് ചിത്രീകരിച്ചിരുന്നത് ഷിക്കാഗോയിലെ ഈ ജയിലിൽ വച്ചു കൊണ്ടായിരുന്നു. ആ ജയിൽ സന്ദർശിക്കാൻ വേണ്ടിയാണ് വെക്കേഷൻ തുടക്കത്തിൽ തന്നെ ഗർനാച്ചോ സമയം കണ്ടെത്തിയത്. അതിനുശേഷം അദ്ദേഹം ഗ്രീസിലേക്ക് പറന്നു.ഗ്രീസിലെ ഒരു ദ്വീപിലാണ് അദ്ദേഹം നിലവിൽ വെക്കേഷൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.ഭാര്യയും മകനും കൂടെയുണ്ട്. അധികം വൈകാതെ തന്നെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.