അടുത്ത വർഷം മെസ്സിയെ കാത്തിരിക്കുന്നത് 8 കിരീടങ്ങൾ? ഏതൊക്കെ സ്വന്തമാക്കും?

സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.വരുന്ന ഫെബ്രുവരി മാസത്തിലാണ് അമേരിക്കയിൽ പുതിയ സീസൺ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഇന്റർ മയാമിക്കൊപ്പം ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം എന്ന റെക്കോർഡ് നിലവിൽ ലയണൽ മെസ്സിയുടെ മാത്രം പേരിലാണ്.

ഈ വരുന്ന വർഷം നിരവധി കിരീടങ്ങൾ നേടാനുള്ള അവസരം ലയണൽ മെസ്സിയുടെ മുന്നിലുണ്ട്. കൃത്യമായി പറയുകയാണെങ്കിൽ ആകെ 8 കിരീടങ്ങൾ വരെ നേടാൻ ലയണൽ മെസ്സിക്ക് സാധിക്കും. അതിൽ രണ്ട് കിരീടങ്ങൾ അർജന്റീനക്കൊപ്പം നേടാൻ സാധിക്കുന്നതാണ്. ഒന്ന് കോപ്പ അമേരിക്ക കിരീടമാണ്. അമേരിക്കയിൽ വെച്ചുകൊണ്ടുതന്നെയാണ് ഇത് നടക്കുന്നത്. മറ്റൊന്ന് പാരീസിൽ വച്ചുകൊണ്ട് നടക്കുന്ന ഒളിമ്പിക്സാണ്.ലയണൽ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒളിമ്പിക്സ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുമെന്ന് പരിശീലകനായ മശെരാനോ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അങ്ങനെ മെസ്സി ഉണ്ടെങ്കിൽ ഒളിമ്പിക് ഗോൾഡ് നേടാനുള്ള അവസരം അവിടെയുണ്ട്.

ഇന്റർ മയാമിക്കൊപ്പം ആകെ 6 കിരീടങ്ങൾ നേടാനുള്ള അവസരങ്ങളാണ് വരുന്ന വർഷം ഉള്ളത്. അതിൽ പ്രധാനപ്പെട്ടത് MLS കിരീടം തന്നെയാണ്. കഴിയാത്ത തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാത്ത ഇന്റർ മയാമി വരുന്ന സീസണിൽ കിരീടത്തിന് വേണ്ടി പോരാടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റൊരു കിരീടം ലീഗ്സ് കപ്പ് ആണ്.നിലവിലെ ജേതാക്കളായ ഇന്റർ മയാമിയുടെ മുന്നിലുള്ള ലക്ഷ്യം ആ കിരീടം നിലനിർത്തുക എന്നുള്ളതാണ്.ലീഗ്സ് കപ്പ് കിരീടം നേടിയതുകൊണ്ട് തന്നെ ഇന്റർ അമേരിക്കൻ കപ്പിലേക്ക് യോഗ്യത കരസ്ഥമാക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ മറ്റു വൻകരകളിലെ ചാമ്പ്യന്മാർ അതിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

മറ്റൊരു കിരീട സാധ്യത കോൺകക്കാഫ് ചാമ്പ്യൻസ് ലീഗാണ്. അതിൽ കിരീട ജേതാക്കളായി കഴിഞ്ഞാൽ ഇന്റർകോണ്ടിനെന്റൽ കപ്പിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിക്കും. അതുപോലെതന്നെ ആറാമത്തെ കിരീടം സാധ്യത ഇവിടെ വരുന്നത് US ഓപ്പൺ കപ്പാണ്. കഴിഞ്ഞതവണ ഈ ടൂർണമെന്റിന്റെ ഫൈനലിൽ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. പക്ഷേ ആ ടൂർണമെന്റിൽ അമേരിക്കൻ ക്ലബ്ബുകൾ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണങ്ങൾ വരേണ്ടതുണ്ട്. ഏതായാലും ഇങ്ങനെ 8 കിരീടം സാധ്യതകൾ ഇവിടെ ലയണൽ മെസ്സിക്ക് വരുന്ന വർഷം അവശേഷിക്കുന്നുണ്ട്. ആകെ 44 കിരീടങ്ങളാണ് തന്റെ കരിയറിൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *