ടാഗ്ലിയാഫിക്കോക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ പോരടിച്ച് ചെൽസിയും അത്ലറ്റികോ മാഡ്രിഡും

അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരം ടാഗ്ലിയാഫിക്കോക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ രംഗത്തുള്ളത് രണ്ട് വമ്പൻ ക്ലബുകളാണ്. ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയും സ്പാനിഷ് കരുത്തരായ അത്ലറ്റികോ മാഡ്രിഡുമാണ് താരത്തിന് വേണ്ടി പോരടിച്ചു കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ചെൽസിയാണ് നോട്ടമിട്ടിരുന്നതെങ്കിലും പിന്നീട് അത്ലറ്റികോ ഇതിൽ പങ്കുചേരുകയായിരുന്നു. പ്രമുഖമാധ്യമമായ ഗോൾ ഡോട്ട് കോം ആണ് അത്ലറ്റികോ മാഡ്രിഡ്‌ താരത്തെ ലക്ഷ്യമിട്ടതായി അറിയിച്ചത്. അർജന്റൈൻ താരത്തെ നാട്ടുകാരനായ സിമിയോണി ക്ലബിൽ എത്തിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞു. 27-കാരനായ താരത്തിന് വേണ്ടി ഓഫറുമായി ഉടനെ അത്ലറ്റികോ അയാക്സിനെ സമീപിച്ചേക്കും. നിലവിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബ്രസീലിയൻ താരം റെനാൻ ലോദി ഉണ്ടെങ്കിലും ടാഗ്ലിയാഫിക്കോ കൂടെ വേണമെന്ന അഭിപ്രായക്കാരനാണ് സിമിയോണി. മുൻപ് ബാഴ്സ ഈ അർജന്റൈൻ താരത്തെ നോട്ടമിട്ടിരുന്നുവെങ്കിലും പിന്നീട് ബാഴ്സ അത് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം തുടക്കത്തിലേ താരത്തെ ടീമിൽ എത്തിച്ചാൽ കൊള്ളാം എന്ന നിലപാടുകാരനായിരുന്നു ചെൽസി പരിശീലകൻ ലംപാർഡ്. ഹാകിം സിയെച്ചിനെ ടീമിൽ എത്തിച്ചതിനാൽ അയാക്സുമായി നല്ല ബന്ധത്തിലാണ് ക്ലബ്. എന്നാൽ കായ് ഹാവെർട്സിന് വേണ്ടിയുള്ള ശ്രമവും, കൂടാതെ ലെയ്സെസ്റ്റർ സിറ്റി താരം ബെൻ ചിൽവെല്ലിനുള്ള ശ്രമത്തിലുമാണ് ചെൽസി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ അത്ലറ്റികോ മാഡ്രിഡിനെക്കാൾ കൂടുതൽ സാമ്പത്തികപരമായി വാഗ്ദാനം ചെയ്യാൻ കഴിയുക ചെൽസിക്കാണ് എന്നാണ് ഗോളിന്റെ കണ്ടെത്തൽ. നിലവിൽ 2022 വരെ താരത്തിന് ക്ലബിൽ കരാർ ഉണ്ടെങ്കിലും താരത്തിന് മികച്ച ക്ലബുകളിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട്. താരത്തിന് 24 മില്യൺ പൗണ്ട് ആണ് വിലമതിക്കുന്നത്. എന്നാൽ ഇതിനേക്കാൾ അയാക്സ് വില പറയാൻ സാധ്യത കാണുന്നുണ്ട്. എന്തെന്നാൽ ഡീലിൽ തങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 12% താരത്തിന്റെ മുൻ ക്ലബായ ഇന്റിപെന്റിന്റിന് നൽകേണ്ടി വരും. ഇതിനാൽ തന്നെ വിലകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *