മെസ്സിയുടെ പേരിൽ ചൈനയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പുകൾ,മുന്നറിയിപ്പുമായി പോലീസ്!

അടുത്ത സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. വരുന്ന വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ വെച്ചാണ് ഈ ഫ്രണ്ട്‌ലി മത്സരം അരങ്ങേറുക. മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ലയണൽ മെസ്സിയും സംഘവും ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ഗംഭീര വരവേൽപ്പായിരുന്നു ചൈനയിൽ മെസ്സിക്കും സംഘത്തിനും ലഭിച്ചിരുന്നത്. നിരവധി ആരാധകരായിരുന്നു എയർപോർട്ടിൽ മെസ്സിയെ കാണാൻ തടിച്ചുകൂടിയിരുന്നത്. മാത്രമല്ല നിയന്ത്രിക്കാൻ കഴിയാത്ത വിധം അർജന്റീന താമസിക്കുന്ന ഹോട്ടലിന് മുന്നിലും ആരാധകർ ഉണ്ടായിരുന്നു. ലയണൽ മെസ്സിക്കും അർജന്റീനക്കും അത്ഭുതകരമായ ആരാധകർ കൂട്ടമാണ് ചൈനയിൽ ഉള്ളത്. അത് തെളിയിക്കുന്നത് തന്നെയാണ് അർജന്റീനക്ക് ലഭിച്ച ഈ വരവേൽപ്പുകൾ.

എന്നാൽ ഇതിനിടയിൽ തട്ടിപ്പ് സംഘങ്ങളും വളരെ വ്യാപകമാണ്. ആരാധകരുടെ വികാരം മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ് സംഘങ്ങൾ ചൈനയിൽ ഇപ്പോൾ വിലസുന്നത്. അതായത് 33000 പൗണ്ട് നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ലയണൽ മെസ്സിയോടൊപ്പം ഡ്രിങ്ക് കഴിക്കാം എന്നാണ് ചിലർ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും തട്ടിപ്പാണ് എന്നുള്ള കാര്യം ചൈനീസ് പോലീസ് ആരാധകരെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനും മെസ്സി സൈൻ ചെയ്ത ജേഴ്സി ലഭിക്കാനും 893 പൗണ്ട് വീതമാണ് ഇവർ ആവശ്യപ്പെടുന്നത്.നേരത്തെ തന്നെ വിറ്റഴിഞ്ഞ ടിക്കറ്റിന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വലിയ തുകയാണ് ഈ തട്ടിപ്പ് സംഘങ്ങൾ ആവശ്യപ്പെടുന്നത്. ആരാധകർക്ക് ഈ വിഷയങ്ങളിൽ എല്ലാം ഇപ്പോൾ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതായാലും ലയണൽ മെസ്സി എത്തിയതോടുകൂടി അത് തട്ടിപ്പ് രീതിയിൽ ഉപയോഗപ്പെടുത്തുന്ന ആളുകൾ സജീവമാണ് എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *