അർജന്റീനക്കായി അരങ്ങേറ്റം കുറിക്കാൻ ഗർനാച്ചോ തയ്യാർ,സ്കലോണി എവിടെ കളിപ്പിക്കും?

വരുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. വരുന്ന വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5:30നാണ് ഈയൊരു സൗഹൃദ മത്സരം നടക്കുക. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ ലയണൽ മെസ്സിയും സംഘവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗർനാച്ചോ ഇതുവരെ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല.കഴിഞ്ഞ രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ അദ്ദേഹത്തെ സ്കലോണി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പരിക്കു മൂലം അദ്ദേഹത്തിന് അത് നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ അണ്ടർ 20 വേൾഡ് കപ്പിലും അർജന്റീനയെ പ്രതിനിധീകരിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഏതായാലും ഈ സൗഹൃദമത്സരങ്ങളിൽ ഗർനാച്ചോയെ കളിപ്പിക്കാൻ അർജന്റീനയുടെ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്.സ്കലോണി ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു.

ഇൻഡോനേഷ്യക്കെതിരെയുള്ള രണ്ടാമത്തെ മത്സരത്തിൽ താരത്തെ കൂടുതൽ ഉപയോഗപ്പെടുത്താൻ ആണ് പരിശീലകന്റെ പദ്ധതി. എന്നാൽ ഓസീസിനെതിരെയുള്ള അടുത്ത മത്സരത്തിലും ഗർനാച്ചോയെ സ്കലോണി കളിപ്പിച്ചേക്കും.താരത്തിന്റെ അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്. നേരത്തെ അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടില്ല.

അദ്ദേഹത്തെ എവിടെയായിരിക്കും ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. മുന്നേറ്റ നിരയിൽ ഇടതു വിങ്ങിലായിരിക്കും അദ്ദേഹത്തെ സ്കലോണി കളിപ്പിക്കുക.ഡി മരിയയുടെ പൊസിഷനിൽ പകരമായി കൊണ്ട് ഗർനാച്ചോയെ ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് പരിശീലകന്റെ പദ്ധതി. ഇനി അതിനു സാധിച്ചില്ലെങ്കിൽ അറ്റാക്കിങ് മിഥ്ഫീൽഡർ എന്ന റോളിലും താരത്തെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഏതായാലും ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഗർനാച്ചോയുടെ അരങ്ങേറ്റം ഉണ്ടാവും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.സ്പെയിനിനെ തഴഞ്ഞുകൊണ്ട് അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കാൻ തീരുമാനിച്ച താരമാണ് ഗർനാച്ചോ.

Leave a Reply

Your email address will not be published. Required fields are marked *