മെസ്സിയെയും നെയ്മറെയും കൂവിയ പിഎസ്ജി ആരാധകരെ വിമർശിച്ച് റൊണാൾഡിഞ്ഞോ!

ഈ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള മികച്ച പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.ലീഗ് വൺ കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി നേരത്തെ പുറത്താവുകയായിരുന്നു. ഇതോടുകൂടി സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറേയും പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് പിഎസ്ജിക്ക് ഉള്ളതെന്നും അവരുടെ കാര്യത്തിൽ കുറച്ചെങ്കിലും ക്ഷമ കാണിക്കണമെന്നുമാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എന്ത്കൊണ്ടാണ് പിഎസ്ജി ആരാധകർ ഇങ്ങനെ പെരുമാറുന്നത് എന്നറിയില്ല. മെസ്സിയും നെയ്മറുമൊക്കെ മികച്ച താരങ്ങളാണ്. ഇവരെല്ലാം മാറണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? ലോകത്തിലെ മോശം താരങ്ങളെയാണോ പിഎസ്ജി ആരാധകർക്ക് വേണ്ടത്? ഈ പുതിയ രീതി മനസ്സിലാക്കാൻ നാം അവർക്ക് സമയം അനുവദിച്ചു കൊടുത്തേ മതിയാവൂ. ബാക്കിയുള്ളതൊക്കെ പതിയെ വന്നോളും.ഈ അഡാപ്റ്റേഷൻ സാധാരണമായ ഒരു കാര്യമാണ്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. പക്ഷേ ഈ വർഷം അദ്ദേഹത്തിന് ഒരുപാട് പരിക്കുകൾ ഉണ്ടായിരുന്നു. അദ്ദേഹം 100% ഓക്കേയായാൽ അത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം സ്പെഷ്യലായിരിക്കും.നെയ്മർ,മെസ്സി,ഡി മരിയ തുടങ്ങിയ മഹത്തായ താരങ്ങൾ ഒരു ടീമിൽ ഒരുമിച്ചിരിക്കുന്നു. ഈ താരങ്ങളിൽ നിങ്ങൾ സംതൃപ്തരല്ലെങ്കിൽ ആരാണ് നിങ്ങളെ സംതൃപ്തരാക്കാൻ പോകുന്നത്?” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

2001 മുതൽ 2003 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റൊണാൾഡിഞ്ഞോ. പിന്നീടായിരുന്നു അദ്ദേഹം ബാഴ്സയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *