ടീമിൽ ബാലൻസ് കൊണ്ടു വരുന്നത് അർജന്റൈൻ സൂപ്പർ താരം : പോച്ചെട്ടിനോ പറയുന്നു!

ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന പത്തൊൻപതാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ലോറിയെന്റാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ലോറിയെന്റിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിക്കായി കളിച്ചേക്കില്ല. താരത്തിന് സസ്‌പെൻഷനാണ്. താരത്തിന്റെ സ്ഥാനത്ത് അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇകാർഡി സ്റ്റാർട്ട്‌ ചെയ്യുമെന്നുള്ള കാര്യം പിഎസ്ജി പരിശീലകനായ പോച്ചെട്ടിനോ സൂചിപ്പിച്ചിട്ടുണ്ട്. ടീമിൽ ബാലൻസ് കൊണ്ട് വരുന്ന താരം ഇകാർഡിയാണെന്നും പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇകാർഡിക്ക് എപ്പോഴും അവസരങ്ങൾ ലഭിക്കാത്തത് അദ്ദേഹത്തെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മറിച്ച് പലവിധ സാഹചര്യങ്ങൾ കൊണ്ടുമാണ്.പക്ഷേ ഞാനെപ്പോഴും പറയാറുണ്ട്,എല്ലാ താരങ്ങളും ഞങ്ങൾക്ക് പ്രധാനപ്പെട്ടവരാണ്. ഇകാർഡിയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹമാണ് ടീമിൽ ബാലൻസ് കൊണ്ട് വരുന്നത്.ഷോട്ടുകൾ ഉതിർക്കുകയും ഗോളുകൾ നേടുകയും ചെയ്യുന്ന താരമാണ് ഇകാർഡി. ഏതൊരു സ്‌ക്വാഡിലും ഇത്തരത്തിലുള്ള ഒരു താരം അത്യാവശ്യമാണ്.ടീം എന്നത് കേവലം 11 പേരല്ല എന്നുള്ളത് ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.പക്ഷേ സ്‌ക്വാഡ് എപ്പോഴും ബാലൻസ്ഡായിരിക്കണം.ഇവിടുത്തെ കാര്യമെടുത്താൽ,മൗറോ ഇകാർഡിയാണ് ടീമിൽ ബാലൻസ് കൊണ്ട് വരുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.

ഈ ലീഗ് വണ്ണിൽ ആകെ 14 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ഫിഗ്നിസിനെതിരെയുള്ള മത്സരത്തിൽ ഇകാർഡി ഒരു പെനാൽറ്റി ഗോൾ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *