മെസ്സിക്കൊപ്പം ബാഴ്സക്ക് ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനാവുമെന്ന് ഇനിയേസ്റ്റ

പെപ് ഗ്വാർഡിയോള ബാഴ്സ പരിശീലകനായിരുന്ന കാലയളവിൽ ബാഴ്സ നേടിയ നേട്ടങ്ങൾ ഒന്നും തന്നെ ഒരു ബാഴ്സ ആരാധകനും മറക്കാനാവാത്ത ഒന്നാണ്. സൂപ്പർ താരങ്ങളായ മെസ്സിയും ഇനിയേസ്റ്റയും സാവിയുമൊക്കെ ഫുട്ബോൾ ലോകം അടക്കി വാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിന് ശേഷം 2015-ൽ എംഎസ്എൻ ത്രയത്തോടൊപ്പമാണ് ബാഴ്സ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. പിന്നീട് യുസിഎൽ നേടാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ മെസ്സിക്കൊപ്പം ഇനിയും ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ ബാഴ്സക്കാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ബാഴ്സ താരവും മെസ്സിയുടെ സഹതാരവുമായിരുന്ന ആന്ദ്രേ ഇനിയേസ്റ്റ. മെസ്സിക്കൊപ്പം അർജന്റീന വേൾഡ് കപ്പ് നേടാത്തതും തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഇനിയേസ്റ്റ കൂട്ടിച്ചേർത്തു. ഇന്നലെ ഒലെക്ക് നൽകിയ അഭിമുഖത്തിലാണ് ഇനിയേസ്റ്റ മെസ്സിയെ പറ്റി മനസ്സ് തുറന്നത്.

” ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന ഒരുപാട് മികച്ച താരങ്ങൾ അർജന്റീന ടീമിലുണ്ട്. പലരും കഴിവുറ്റ താരങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയും അവരോടൊപ്പമുണ്ട്. എന്നിട്ടും അർജന്റീന ഒരു വേൾഡ് കപ്പ് നേടിയില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്. ജർമനിക്കെതിരായ ഫൈനലിൽ കിരീടം അർജന്റീനയുടെ കയ്യിൽ നിന്നാണ് വഴുതിപോയത്. വലിയ വലിയ മത്സരങ്ങൾ ചെറിയ ചെറിയ വിത്യാസങ്ങൾ പോലും മത്സരഫലത്തെ ബാധിക്കും. ഏതായാലും മെസ്സിക്കൊപ്പം അർജന്റീന ഒരു കിരീടം അർഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ” ആന്ദ്രേ ഇനിയേസ്റ്റ പറഞ്ഞു. 2014-ലെ വേൾഡ് കപ്പിലെ ഫൈനലിൽ അർജന്റീനയുടെ തോൽവിയെ ഉദ്ധരിച്ചു കൊണ്ടാണ് ഇനിയേസ്റ്റ പറഞ്ഞത്.

” അത്പോലെ തന്നെയാണ് ബാഴ്സയും. കാരണം ബാഴ്സയ്ക്കൊപ്പവും ലയണൽ മെസ്സിയുണ്ട്. മെസ്സിക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനും ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ബാഴ്സ ഇനിയും അർഹിക്കുന്നുണ്ട്. അതിനുള്ള കഴിവ് ബാഴ്സയ്ക്കുണ്ട്. മെസ്സിക്കൊപ്പം ഇനിയും യുസിഎൽ നേടാനാവും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷെ ഇത് ഫുട്ബോളാണ്. ചിരവൈരികളായ വമ്പൻമാർ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥലം. അവരും വിജയത്തിന് മാത്രം പ്രാധ്യാന്യം നൽകുന്നവരാണ്. നിങ്ങൾ വിജയിക്കാൻ എന്ത് ചെയ്യുന്നുവോ അത്പോലെ അവരും ചെയ്യുന്നുണ്ടെന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം ” ഇനിയേസ്റ്റ ബാഴ്സയെ ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *