അവശേഷിക്കുന്നത് ഒരു ഒപ്പ് മാത്രം, മെസ്സി ബാഴ്സയുമായി പുതിയ കരാറിലെത്തി?
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്ന വിഷയം ലയണൽ മെസ്സി ബാഴ്സ വിടുമോ ഇല്ലയോ എന്നുള്ളതായിരുന്നു. താരം ബാഴ്സ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ ആരാധകർ ആശങ്കയിലായി. ഒടുവിൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ സീസണിൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരത്തിന് ഏത് ക്ലബ്ബിലേക്കും ചേക്കേറാമായിരുന്നു. മെസ്സി കരാർ പുതുക്കാൻ വൈകുംതോറും ആരാധകർക്കിടയിൽ ആശങ്ക വർധിച്ചു വന്നിരുന്നു. എന്നാലിപ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ലയണൽ മെസ്സി ബാഴ്സയുമായി പുതിയ കരാറിൽ എത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇനി മെസ്സി ഒപ്പ് വെക്കേണ്ട കാര്യം മാത്രമേ ഒള്ളൂ എന്നും പുതിയ കരാറിനെ സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിൽ എത്തിയതായുമാണ് റിപ്പോർട്ട് പ്രതിപാദിക്കുന്നത്.കാഡെന കോപേയിലെ മിഗെൽ റിക്കോയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
It's happening 🔜✍ https://t.co/fMDjnOE8AB
— MARCA in English (@MARCAinENGLISH) June 1, 2021
രണ്ട് വർഷത്തെ കരാറിലാണ് മെസ്സി ഒപ്പ് വെക്കുക എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ദിവസങ്ങൾക്ക് മുന്നേ തന്നെ ബാഴ്സ പ്രസിഡന്റ് ലാപോർട്ട അറിയിച്ചിരുന്നു. നിലവിൽ അർജന്റീനക്കൊപ്പമുള്ള മെസ്സി ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം ഈ പുതിയ കരാറിൽ ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്സയുടെ പുതിയ പ്രസിഡന്റായി ലാപോർട്ട എത്തിയതാണ് മെസ്സി കരാർ പുതുക്കാനുള്ള ഏറ്റവും വലിയ കാരണം. അർജന്റീനയിലെ സഹതാരമായ അഗ്വേറോ എത്തിയതും ഒരു അന്തിമതീരുമാനം കൈക്കൊള്ളാൻ സഹായകരമായെന്നും മാർക്ക ചൂണ്ടികാണിച്ചിട്ടുണ്ട്. ഏതായാലും മെസ്സി 2023 വരെ ക്ലബിനോടൊപ്പമുണ്ടാവുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
https://www.instagram.com/reel/CPVrnMcg3Ey/?utm_medium=copy_link