“ആർതറിനെ വിറ്റാൽ അത് ബാഴ്സ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാവും”
ബാഴ്സ മിഡ്ഫീൽഡർ ആർതറിനെ ക്ലബ് കയ്യൊഴിഞ്ഞാൽ അത് ബാഴ്സ ചെയ്യുന്ന മണ്ടത്തരമാവുമെന്ന് ബാഴ്സയുടെ മുൻ ടെക്നിക്കൽ ഡയറക്‌ടർ റോബർട്ട് ഫെർണാണ്ടസ്. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആർതറിനെ പറ്റി പറഞ്ഞത്. താരം യുവന്റസിലേക്ക് പോവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2018-ൽ ഇദ്ദേഹം ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു സമയത്ത് ആയിരുന്നു ആർതർ ബാഴ്സയിൽ എത്തിയത്. ഇത് വരെ 67 മത്സരങ്ങൾ ആർതർ കളിച്ചു കഴിഞ്ഞു. ബാഴ്സയിൽ തുടരാനാണ് തനിക്ക് താല്പര്യമെന്ന് ആർതറും അറിയിച്ചിരുന്നു.
” ആർതർ ബാഴ്സ വിടുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ആവിശ്യമില്ലാത്ത ഒരുപാട് വാർത്തകൾ ഇത് സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. താരത്തെ വിറ്റാൽ അത് ബാഴ്സ ചെയ്യുന്ന മണ്ടത്തരമാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം അദ്ദേഹം ഒരു യുവതാരമാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റിയും വയസ്സും കണ്ടിട്ടാണ് വലിയൊരു തുക നൽകി അദ്ദേഹത്തെ ബാഴ്സയിൽ എത്തിച്ചത്. ബാഴ്സയിൽ എത്തിയ ശേഷം താരത്തിന്റെ പ്രകടനത്തിൽ വലിയ തോതിൽ വളർച്ച ഉണ്ടായിട്ടുണ്ട്. ആദ്യസീസണിൽ അദ്ദേഹം തകർപ്പൻ പ്രകടനം ആണ് പുറത്തെടുത്തത്. പിന്നീട് ചെറിയ പരിക്കുകൾ അദ്ദേഹത്തെ തളർത്തി. എന്നിരുന്നാലും വ്യക്തിപരമായി ഏറെമികവുള്ള താരമാണ് അദ്ദേഹം. ലാമാസിയയിൽ വളരാതെ, ബാഴ്സ ഡിഎൻഎയുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് ആർതർ ” ഫെർണാണ്ടസ് പറഞ്ഞു.