താൻ വിജയിച്ചാൽ നെയ്മർക്ക്‌ ബാഴ്സയിലേക്ക് തിരികെയെത്താമെന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി, നിബന്ധനകൾ ഇതൊക്കെ !

അടുത്ത ട്രാൻസ്ഫർ ജാലകത്തിന് ശേഷം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും വീണ്ടും ഒരുമിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഒരു കാര്യം. നെയ്മറുടെ പ്രസ്താവനകളെ തുടർന്ന് ഇതേ സംബന്ധിച്ച് ഒരുപാട് വാർത്തകൾ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. ഏതായാലും താൻ ബാഴ്‌സയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മെസ്സിയും നെയ്മറും ഒരുമിച്ചേക്കുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോർഡി ഫറെ. കഴിഞ്ഞ ദിവസം ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നെയ്മർക്ക് ബാഴ്സയിലേക്ക് മടങ്ങിയെത്താമെന്നും എന്നാൽ അതിന് കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതുണ്ട് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. നെയ്മർ മാപ്പ് പറയാൻ തയ്യാറാകണമെന്നാണ് തന്റെ നിബന്ധനയെന്ന് ഫറെ അറിയിച്ചു. ഈ ജനുവരി ഇരുപത്തിനാലാം തിയ്യതിയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്നത്.

” നെയ്മർക്ക്‌ ബാഴ്‌സയിലേക്ക് തിരികെയെത്താം. പക്ഷെ ആദ്യമായി അദ്ദേഹം തന്റെ ഡിമാന്റുകൾ എല്ലാം തന്നെ പിൻവലിക്കണം. രണ്ടാമതായി ഒരു നാണക്കേടും കൂടാതെ മാപ്പ് പറയാൻ തയ്യാറാവുകയും വേണം.എന്നാൽ അടുത്ത വർഷം മെസ്സിക്കും നെയ്മർക്കും ഒരുമിച്ച് കളിക്കാം. മെസ്സി ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് എനിക്കുറപ്പാണ്. ഞാൻ മെസ്സിയുമായി സംസാരിച്ചിരുന്നു. കൂടുതൽ ഒന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ആവിശ്യമുള്ള ഒരേയൊരു കാര്യം വിന്നിംഗ് പ്രൊജക്റ്റ്‌ ആണ് ” ജോർഡി ഫറേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *