സ്കലോണി രാജി ആലോചിക്കാൻ കാരണം മെസ്സിയോ? അർജന്റൈൻ ക്യാമ്പിൽ ആശങ്ക.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം കരസ്ഥമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. മാരക്കാനയിൽ വച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന വിജയിച്ചിരുന്നത്. ആ മത്സരത്തിനു ശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നടത്തിയ ഒരു പ്രസ്താവന വലിയ രൂപത്തിൽ വൈറലായിരുന്നു. അർജന്റീനയുടെ പരിശീലകസ്ഥാനം രാജിവെക്കാൻ താൻ ആലോചിക്കുന്നുണ്ട് എന്നായിരുന്നു ഈ പരിശീലകൻ പറഞ്ഞിരുന്നത്.

അതിനുശേഷം ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ മറ്റുകാര്യങ്ങളോ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയും ലയണൽ സ്കലോണിയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ല എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഒറ്റയ്ക്ക് തീരുമാനം എടുത്തത് അർജന്റീന പരിശീലകനെയും അവരുടെ കോച്ചിംഗ് സ്റ്റാഫിനെയും വളരെയധികം ചൊടിപ്പിച്ചിട്ടുണ്ട്. മറ്റൊരു ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രസീലിനെതിരെയുള്ള മത്സരം നടക്കുന്നതിന് മുന്നേ അർജന്റീന ആരാധകരും ബ്രസീലിയൻ പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഗാലറിയിലെ ഈ സംഭവവികാസങ്ങളിൽ പ്രതികരിച്ചുകൊണ്ട് അർജന്റീന ടീം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി പോവുകയായിരുന്നു.ഇത് വലിയ വിവാദമായി.എന്നാൽ ഇത് അർജന്റീനയുടെ പരിശീലകനായ സ്കലോണിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്.ക്യാപ്റ്റനായ ലയണൽ മെസ്സി ഒറ്റക്ക് തീരുമാനം എടുക്കുകയാണ് ചെയ്തത്. പരിശീലകനോടോ കോച്ചിംഗ് സ്റ്റാഫിനോടോ മെസ്സി ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.മറിച്ച് ലയണൽ മെസ്സിയുടെ തീരുമാനപ്രകാരം മാത്രമാണ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

ഇത് സ്‌കലോണിയേയും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനെയും വളരെയധികം ദേഷ്യം പിടിപ്പിച്ചു. അർജന്റീന ടീമിൽ തങ്ങൾക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല എന്ന തോന്നൽ ഇവർക്ക് ഉണ്ടായി.അതിന് പിന്നാലെയാണ് മത്സരശേഷം ഇത്തരത്തിലുള്ള ഒരു പ്രസ്താവന സ്‌കലോണി നടത്തിയത് എന്നാണ് അത്ലറ്റിക്ക് റിപോർട്ട് ചെയ്തിട്ടുള്ളത്.ഇക്കാര്യം നേരത്തെ തന്നെ സൗത്ത് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അത്ര ശ്രദ്ധ നേടിയിരുന്നില്ല. പക്ഷേ അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇതിന് വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

സ്‌കലോണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുകൊണ്ട് ലയണൽ മെസ്സി യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.ഏതായാലും അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും താരങ്ങളിൽ നിന്നും അർഹിച്ച ഒരു പരിഗണന ലഭിക്കാത്തത് ഈ കോച്ചിംഗ് സ്റ്റാഫിനെ മടുപ്പിച്ചു എന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *