നെയ്മർ പിഎസ്ജി വിടാൻ സാധ്യത കുറവെന്ന് താരത്തിന്റെ ഏജന്റ്

സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജി വിട്ട് ബാഴ്സയിലേക്കോ റയലിലേക്കോ ചേക്കേറുമോ? കഴിഞ്ഞ രണ്ട് വർഷത്തോളമായി ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ വിഷയം ഇതാണ്. താരത്തിന് ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്നും അതല്ല വമ്പൻമാരായ റയൽ മാഡ്രിഡ്‌ താരത്തെ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുമെന്നൊക്കെ ഏറെ പ്രചരിച്ചു. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ തന്നെ താരമാവാനാണ് സാധ്യതയെന്ന് പലരും കണക്കുകൂട്ടിയിരുന്നു. ബാഴ്സ താരത്തെ തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് നെയ്മറുടെ ഏജന്റ് ആയ വാഗ്നർ റിബെയ്റോ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ വർഷം നെയ്മറുടെ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

” നെയ്മർ പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. എന്തെന്നാൽ ട്രാൻസ്ഫർ മാർക്കറ്റ് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ഫുട്ബോൾ ലോകത്തെ സാമ്പത്തികകാര്യങ്ങളെല്ലാം തന്നെ തകിടം മറിഞ്ഞിരിക്കുന്നു. റയൽ മാഡ്രിഡ്‌ താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പെരെസിന് താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മെയ്ൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു. അന്ന് അദ്ദേഹം നെയ്മറെ സൈൻ ചെയ്യുന്നത് സ്വപ്‍നമാണെന്ന് അറിയിച്ചിരുന്നു ” ഫോക്സ് സ്പോർട്സിനോട് ഏജന്റ് പറഞ്ഞു.

നിലവിൽ 2022 വരെ നെയ്മർക്ക് പിഎസ്ജിയിൽ കരാറുണ്ട്. താരത്തിന്റെ കരാർ നീട്ടാനുള്ള ശ്രമങ്ങൾ ക്ലബ്‌ ആരംഭിച്ചിരുന്നുവെങ്കിലും നെയ്മർ സമ്മതം മൂളിയിട്ടില്ല എന്നാണ് അറിവ്. ഈയിടെ താരത്തിന്റെ സഹതാരങ്ങൾ എല്ലാം തന്നെ നെയ്മർ പിഎസ്ജിയിൽ സന്തോഷവാനാണെന്ന് അറിയിച്ചിരുന്നു. ലീഗ് വൺ ഉപേക്ഷിച്ചതോടെ ഇനി ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നെയ്മർ ജൂനിയർ.

Leave a Reply

Your email address will not be published. Required fields are marked *