കോന്റെയുടെ മുടിയെ പരിഹസിച്ച് ബനേഗ, കളി കഴിഞ്ഞ് കാണാമെന്ന് കോന്റെ !

ഏറെ ആവേശകരമായ മത്സരമായിരുന്നു ഇന്നലെ യൂറോപ്പ ലീഗിന്റെ ഫൈനലിൽ പിറന്നത്. അടിയും തിരിച്ചടിയുമായി ഒടുവിൽ 3-2 ന്റെ തോൽവി ഏറ്റുവാങ്ങാനായിരുന്നു ഇന്റർമിലാന്റെ വിധി. എന്നാൽ മത്സരത്തിനിടെ അസാധാരണമായ സംഭവവികാസങ്ങൾ അരങ്ങേറിയത് പല മാധ്യമങ്ങളിലും ഇടംനേടിയിട്ടുണ്ട്. മത്സരത്തിനിടെ സെവിയ്യ സൂപ്പർ താരം എവർ ബനേഗയും ഇന്റർമിലാൻ പരിശീലകൻ അന്റോണിയോ കോന്റെയും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു. ഇരുതാരങ്ങളും പരസ്പരം അസഭ്യവർഷം നടത്തുകയായിരുന്നു. ഇറ്റാലിയൻ മാധ്യമങ്ങളായ സ്കൈ സ്പോർട്സ് ഇറ്റാലിയ, ലാ ഗസറ്റ ഡെല്ലോ സ്പോർട്സ് എന്നിവർ ഇരുവരുടെയും വാക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. അന്റോണിയോ കോന്റെയുടെ മുടിയെ ബനേഗ പരിഹസിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ റഫറിയുമായി കോന്റെ തർക്കിക്കുന്നതിനിടെയാണ് ബനേഗയുടെ രംഗപ്രവേശനം. തുടർന്ന് വാക്ക്പോര് കോന്റെയും ബനേഗയും തമ്മിലായി. ” ആ വിഗ് യാഥാർത്ഥമാണോ എന്ന് ഞാൻ നോക്കട്ടെ ” എന്നാണ് കോന്റെ മുടിയെ ആംഗ്യം കാണിച്ചു കൊണ്ട് ബനേഗ പറഞ്ഞത്. എന്നാൽ മത്സരം കഴിഞ്ഞിട്ട് കാണാമെന്നാണ് കോന്റെ ഇതിനു മറുപടി നൽകിയത്. ” ഞാൻ ഇവിടെയുണ്ടാവും, ഞാൻ ഇവിടെ കാത്തിരിക്കാം, നമുക്ക് മത്സരം കഴിഞ്ഞിട്ട് കാണാം ” എന്നാണ് കോന്റെ അപ്പോൾ ബനേഗക്ക് മറുപടി നൽകിയത്. തുടർന്ന് കോന്റെക്ക് റഫറി യെല്ലോ കാർഡ് നൽകുകയും ചെയ്തിരുന്നു. അർജന്റൈൻ താരമായ ബനേഗയുടെ സെവിയ്യ ജേഴ്സിയിൽ ഉള്ള അവസാനമത്സരമായിരുന്നു ഇന്നലത്തെ ഫൈനൽ. താരം സൗദി ക്ലബായ അൽ ശബാബിൽ ആണ് അടുത്ത സീസണിൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *