UCL-ൽ സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് കാര്യമില്ല, പിഎസ്ജിക്ക്‌ മുന്നറിയിപ്പുമായി റൊണാൾഡോ!

ഒരുപിടി സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്നത്. മെസ്സി, നെയ്മർ, എംബപ്പേ, റാമോസ്, ഡോണ്ണാരുമ എന്നിവരൊക്കെ പിഎസ്ജിക്ക് സ്വന്തമാണ്. അത്കൊണ്ട് തന്നെ ഈ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് പിഎസ്ജി.

എന്നാലിപ്പോൾ പിഎസ്ജിക്ക്‌ ഒരു മുന്നറിയിപ്പ് നൽകി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസതാരമായ റൊണാൾഡോ നസാരിയോ.ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടെന്ന കാരണത്താൽ ചാമ്പ്യൻസ് ലീഗ് കിരീടം ലഭിക്കണമെന്നില്ലെന്നും അതിനെ സ്വാധീനിക്കുന്ന മറ്റു പല ഘടകങ്ങൾ ഉണ്ടെന്നുമാണ് റൊണാൾഡോ അറിയിച്ചത്. കൂടാതെ താൻ ഉൾപ്പെട്ട റയലിന്റെ ഗലാക്റ്റിക്കോസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ചാമ്പ്യൻസ് ലീഗ് കിരീടം ആര് നേടും എന്നുള്ളത് ഇപ്പോഴേ പ്രവചിക്കൽ അസാധ്യമാണ്.ക്വാർട്ടർ ഫൈനൽ സ്റ്റേജ് മുതലാണ് ഇതിലെ യഥാർത്ഥ ചിത്രം തെളിഞ്ഞു വരിക.നിലവിൽ പിഎസ്ജി മുൻപന്തിയിൽ ഉള്ള ക്ലബാണ്.എന്നാൽ സംസാരവും കളിയും വേറെയാണ് എന്നുള്ള കാര്യം മനസ്സിലാക്കണം.ഒരുപാട് മികച്ച താരങ്ങൾ ഉണ്ട് എന്ന കാരണത്താൽ മാത്രം കിരീടം ലഭിക്കണമെന്നില്ല. മറിച്ച് കളിക്കളത്തിൽ സ്വാധീനിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്.ഞാൻ റയലിന് വേണ്ടി ഏകദേശം 5 സീസണോളം കളിച്ചിട്ടുണ്ട്. ഞാൻ ഉൾപ്പെട്ട ഗലാക്റ്റിക്കോസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിച്ചിരുന്നില്ല.ജയങ്ങൾ എന്നുള്ളത് സ്വമേധയാ സംഭവിക്കുന്ന കാര്യമല്ല.ഏറ്റവും മികച്ച താരം നിങ്ങളുടെ ടീമിൽ ഉണ്ട് എന്ന കാരണത്താലും അത് സംഭവിക്കണമെന്നില്ല. അത്കൊണ്ട് തന്നെ ഇക്കാര്യങ്ങൾ എല്ലാം തന്നെ പിഎസ്ജിക്ക്‌ ബാധകമാണ് ” ഇതാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റി, ലീപ്സിഗ്, ക്ലബ് ബ്രൂഗെ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് പിഎസ്ജിയുടെ സ്ഥാനം.ക്ലബ് ബ്രൂഗെക്കെതിരെയാണ് പിഎസ്ജിയുടെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *