സ്ലാട്ടനെതിരെ യുവേഫയുടെ അന്വേഷണം, വിലക്ക് വീഴാൻ സാധ്യത!
എസി മിലാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു.ഒരു ബെറ്റിങ് കമ്പനിയുമായുള്ള സാമ്പത്തികഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ വേണ്ടിയാണ് യുവേഫ സ്ലാട്ടനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.യുവേഫയുടെ ഡിസിപ്ലിനറി റെഗുലേഷനിലെ ആർട്ടക്കിൾ 31 പ്രകാരമാണ് സ്ലാട്ടനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്.യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്‌പെക്ടറെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്ത് വിടുമെന്നും യുവേഫ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്.
A UEFA Ethics and Disciplinary Inspector has been appointed
— Goal News (@GoalNews) April 26, 2021
യുവേഫയുടെ നിയമപ്രകാരം താരങ്ങൾ ആരും തന്നെ ബെറ്റിങ് കമ്പനിയുമായി ഇടപാടുകൾ നടത്തുകയോ അതിൽ നിക്ഷേപം നടത്തുകയോ പാടില്ല.എന്നാൽ ഇബ്രാഹിമോവിച്ചിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനി ബെറ്റിംഗ് കമ്പനിയായ ബെറ്റ്ഹാർഡിന്റെ ഒരു ഓഹരി വാങ്ങിയതായാണ് ആരോപണം. ഇതിനെ തുടർന്നാണ് യുവേഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. താരം കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ വിലക്കും പിഴയും ലഭിച്ചേക്കും.വിലക്ക് ലഭിച്ചാൽ 39-കാരനായ താരത്തിന്റെ കരിയർ അവസാനിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസം എസി മിലാനുമായുള്ള കരാർ താരം ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. മികച്ച ഫോമിലാണ് താരം മിലാനിൽ തിരിച്ചെത്തിയ ശേഷം കാഴ്ച്ചവെക്കുന്നത്.അത് മാത്രമല്ല താരം ദീർഘകാലത്തിന് ശേഷം സ്വീഡിഷ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.2022 ഖത്തർ വേൾഡ് കപ്പിൽ കളിക്കുക എന്ന ലക്ഷ്യം വെച്ചാണ് താരം മടങ്ങിയെത്തിയത്. വിലക്ക് ലഭിച്ചാൽ ഇതെല്ലാം താറുമാറാവും.