വിനീഷ്യസ് സീസൺ അവസാനിപ്പിച്ചത് മെസ്സിയുടെ റെക്കോർഡ് തകർത്ത്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് കിരീടം ചൂടിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്ന അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുടെ ഗോളാണ് റയലിന് കിരീടം നേടിക്കൊടുത്തത്.
മത്സരത്തിന്റെ 59-ആം മിനുട്ടിൽ വാൽവെർദെയുടെ അസിസ്റ്റിൽ നിന്നാണ് വിനീഷ്യസ് ജൂനിയർ ഗോൾ കണ്ടെത്തിയത്. ഈ ഗോളോട് വിനീഷ്യസ് ഇപ്പോൾ ഒരു റെക്കോർഡ് കുറിച്ചിട്ടുണ്ട്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റെക്കോർഡാണ് വിനീഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സിയെയാണ് ഇക്കാര്യത്തിൽ വിനീഷ്യസ് പിന്തള്ളിയത്.
— Murshid Ramankulam (@Mohamme71783726) May 29, 2022
ഇന്നലെ ഫൈനലിൽ വിനീഷ്യസ് ഗോൾ നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 21 വർഷവും 10 മാസവും 16 ദിവസവുമാണ്. ഇതിനു മുൻപ് ഈ റെക്കോർഡ് കയ്യടക്കി വെച്ചിരുന്നത് ലയണൽ മെസ്സിയായിരുന്നു. 2009-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡിനെതിരെയായിരുന്നു മെസ്സി ഗോൾ നേടിയിരുന്നത്. അന്ന് മെസ്സിയുടെ പ്രായം 21 വർഷവും 11 മാസവും മൂന്നു ദിവസവുമായിരുന്നു. ഈയൊരു റെക്കോർഡാണ് ഇപ്പോൾ വിനീഷ്യസ് മറികടന്നിട്ടുള്ളത്.
മിന്നുന്ന പ്രകടനമാണ് ഈ സീസണിൽ വിനീഷ്യസ് പുറത്തെടുത്തിട്ടുള്ളത്.22 ഗോളുകളും 16 അസിസ്റ്റുകളുമാണ് ഈ സീസണിൽ താരം സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സമ്പാദ്യം.