റാമോസിനോട് പ്രതികാരം ചെയ്യുമോ? സലാ പറയുന്നു!

2018 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഓരോ ലിവർപൂളും ആരാധകനും മറക്കാൻ വഴിയുണ്ടാവില്ല. റയൽ മാഡ്രിഡിനോട്‌ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂൾ പരാജയം രുചിച്ചിരുന്നത്.ആ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലിവർപൂളിന്റെ സൂപ്പർ താരം സലാക്ക് ഗുരുതരപരിക്കേറ്റിരുന്നു. റയൽ നായകൻ സെർജിയോ റാമോസായിരുന്നു സലായെ ഫൗളിനിരയാക്കിയത്. ഫലമായി സലാ കളം വിടുകയും ചെയ്തിരുന്നു. സലായുടെ അഭാവമാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ലിവർപൂളിന്റെ ആരാധകർ. ഇപ്പോഴിതാ ഒരിക്കൽ കൂടി റയലും ലിവർപൂളും പരസ്പരം മുഖാമുഖം വരികയാണ്.ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് റയലും ലിവർപൂളും ഏറ്റുമുട്ടുന്നത്. ഏപ്രിൽ ആറിനാണ് ആദ്യമത്സരം നടക്കുക. ഏതായാലും കഴിഞ്ഞ തവണത്തെ മത്സരത്തിലെ സംഭവവികാസങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സലാ. റാമോസുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആ മത്സരം കഴിഞ്ഞ പോയതാണ് എന്നും അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുമാണ് സലാ പറഞ്ഞിട്ടുള്ളത്.

” ആ മത്സരം കഴിഞ്ഞു പോയതാണ്. അന്ന് റാമോസുമായി എന്ത് സംഭവിച്ചുവോ അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നു പോലുമില്ല.ഞാൻ ചിന്തിക്കുന്നത് ടീമിനെ കുറിച്ചാണ്.എല്ലാവരും ടീമിലാണ് ശ്രദ്ധ ചെലുത്തുന്നത്. എല്ലാവരുടെയും ലക്ഷ്യം വിജയം മാത്രമാണ്.വരുന്ന മത്സരം വിജയിക്കാനും അത്‌ വഴി സെമി ഫൈനലിലേക്ക് പ്രവേശിക്കാനും എനിക്കൊരു സ്പെഷ്യൽ മോട്ടിവേഷനാണ്.ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നുള്ളത് 2018-ൽ കീവിൽ വെച്ച് നടന്നതിന്റെ ഫലത്തിനെ മാറ്റുകയില്ലല്ലോ.. അത്‌ കഴിഞ്ഞു പോയതാണ്.രണ്ട് ടീമുകളും കരുത്തരാണ്.ചാമ്പ്യൻസ് ലീഗിലെ അവസാന രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് രണ്ട് ടീമുകളും വരുന്നത്.രണ്ട് ടീമുകളും തയ്യാറായിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇതൊരു പ്രത്യേകത നിറഞ്ഞ മത്സരമായിരിക്കും ” സലാ മാർക്കയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!