റഫറിയെ കാർ പാർക്കിൽ വെച്ച് തെറി വിളിച്ച് മൊറിഞ്ഞോ, എയർപോർട്ടിൽ വെച്ച് കൈകാര്യം ചെയ്ത് ആരാധകർ!

കഴിഞ്ഞ ദിവസം നടന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ വിജയിച്ചു കൊണ്ട് സെവിയ്യ കിരീടം നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഹോസേ മൊറിഞ്ഞോയുടെ AS റോമയെ സെവിയ്യ പരാജയപ്പെടുത്തിയത്.ആന്റണി ടൈലറായിരുന്നു ഈ മത്സരം നിയന്ത്രിച്ചിരുന്നത്.

എന്നാൽ ഈ റഫറിക്കെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്ന് ഉയരുന്നത്. മത്സരത്തിൽ സെവിയ്യക്ക് അനുകൂലമായി നിരവധി തീരുമാനങ്ങൾ റഫറി എടുത്തു എന്നാണ് പ്രധാനപ്പെട്ട ആരോപണം. റോമയുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോ റഫറിയെ നേരിട്ട് തെറിവിളിച്ച സംഭവം ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്.കാർ പാർക്കിൽ വെച്ചാണ് മൊറിഞ്ഞോ റഫറിയെ രൂക്ഷമായ രൂപത്തിൽ മുഖത്ത് നോക്കി വിമർശിച്ചത്. പെനാൽറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു മൊറിഞ്ഞോ ദേഷ്യം പിടിപ്പിച്ചിരുന്നത്.

മാത്രമല്ല ബുഡാപെസ്റ്റിലെ എയർപോർട്ടിൽ വെച്ചും ആന്റണി ടൈലർക്ക് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. റോമ ആരാധകർ അദ്ദേഹത്തെ അധിക്ഷേപിച്ചതിന് പുറമേ കയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോട്ടിലുകൾ അദ്ദേഹത്തിന് നേരെ എറിയുന്നതും അദ്ദേഹത്തെ തള്ളി മാറ്റുന്നതുമൊക്കെ ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്.ഈ റഫറിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടിയാണ് പിന്നീട് അദ്ദേഹം യാത്ര നടത്തിയത്.

എന്നാൽ ഈ വിഷയത്തിൽ പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ബോർഡ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്.ആന്റണി ടൈലർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പൂർണ്ണ പിന്തുണയാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്. റോമ ആരാധകരുടെ ഈ പ്രവർത്തികൾക്കെതിരെ നടപടികൾ ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മത്സരത്തിന് ശേഷം തന്നെ റഫറിക്കെതിരെ രൂക്ഷമായ രൂപത്തിലായിരുന്നു മൊറിഞ്ഞോ സംസാരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *