ആ കണക്ഷൻ വിച്ഛേദിക്കണം: സിറ്റിയെ നേരിടാനൊരുങ്ങുന്ന സഹതാരങ്ങൾക്ക് വരാനെയുടെ ഉപദേശം!

വരുന്ന FA കപ്പ് ഫൈനലിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക. പ്രശസ്തമായ Wembley സ്റ്റേഡിയമാണ് ഈ കലാശ പോരാട്ടത്തിന് വേദിയാവുക. മാഞ്ചസ്റ്റർ സിറ്റിക്കാണ് പലരും വിജയ സാധ്യത കൽപ്പിക്കുന്നതെങ്കിലും അവസാനമായി ഏറ്റുമുട്ടിയ മത്സരത്തിൽ സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് യുണൈറ്റഡിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട താരങ്ങളാണ് ഏർലിംഗ് ഹാലന്റും കെവിൻ ഡി ബ്രൂയിനയും. രണ്ടുപേരും ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇവരുടെ കാര്യത്തിൽ ചില മുന്നറിയിപ്പുകൾ യുണൈറ്റഡ് ഡിഫൻഡറായ റാഫേൽ വരാനെ സഹതാരങ്ങൾക്ക് നൽകിയിട്ടുണ്ട്. അതായത് ഈ രണ്ടുപേരും തമ്മിലുള്ള കണക്ഷൻ വിച്ഛേദിക്കണം എന്നാണ് വരാനെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഡി ബ്രൂയിനയുടെ ചില പാസുകൾ ഡിഫൻഡ് ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ആ കണക്ഷൻ വിച്ഛേദിക്കാൻ ഞങ്ങൾ ശ്രമിക്കും.തുടക്കത്തിൽ തന്നെ അവരെ തടയാനാണ് ഞങ്ങൾ ശ്രമിക്കുക. അവസാനത്തിലേക്ക് മാറ്റി വെച്ചാൽ അത് ഏറെ വൈകിപ്പോകും.ഞങ്ങൾ കൂടുതൽ കരുത്തരാവേണ്ടതുണ്ട് എന്നത് ഞങ്ങൾക്ക് തന്നെ അറിയാം.പക്ഷേ കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് ഞങ്ങളുടെ പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞു. വളരെ പെട്ടെന്ന് സിസ്റ്റം മാറ്റാൻ കഴിവുള്ള ഒരു ടീമാണ് മാഞ്ചസ്റ്റർ സിറ്റി.ഓരോ മത്സരത്തിനനുസരിച്ച് ഓരോ സിസ്റ്റങ്ങൾ അവരുടെ കൈവശമുണ്ട്. അതൊക്കെ ഞങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് “ഇതാണ് യുണൈറ്റഡ് ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.

ഏതായാലും യുണൈറ്റഡിനൊപ്പമുള്ള ഈ സീസണിലെ അവസാനത്തെ മത്സരമാണ് വരാനെ നാളെ കളിക്കുക.അതിനുശേഷം താരം വെക്കേഷനിൽ പ്രവേശിക്കും.ഫ്രാൻസിന്റെ ദേശീയ ടീമിൽ നിന്നും വിരമിച്ചതിനാൽ ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹത്തിന് മത്സരങ്ങൾ ഒന്നുമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!