മെസ്സി vs ലെവന്റോസ്ക്കി : ഈ സീസണിൽ ആരാണ് മികച്ചത്?

ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു പോരാട്ടത്തിനാണ് ഇന്ന് രാത്രി ലിസ്ബണിലെ വേദി സാക്ഷ്യം വഹിക്കുക. ഫുട്ബോൾ ലോകത്തെ രണ്ട് അതികായകന്മാർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ജയം ആർക്കൊപ്പമെന്ന് പ്രവചനാതീതമായ കാര്യമാണ്. എന്നിരുന്നാലും നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിന് ഉണ്ട്.പക്ഷെ നാപോളിക്കെതിരായ മത്സരം ബാഴ്സക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ബാഴ്സ-ബയേൺ മത്സരത്തിൽ തന്നെ ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്ന മറ്റൊരു പോരാട്ടം ലയണൽ മെസ്സി vs റോബർട്ട്‌ ലെവന്റോസ്ക്കിയാണ്. ഈ രണ്ട് മുന്നേറ്റനിര താരങ്ങളും തകർപ്പൻ ഫോമിലാണ് ഈ സീസണിൽ കളിക്കുന്ന എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. മെസ്സിയെ സംബന്ധിച്ചെടുത്തോളം മറ്റുള്ള സീസണുകളെ അപേക്ഷിച്ച് ഒരല്പം നിറം മങ്ങിയെങ്കിലും നിലവിലെ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെസ്സി മിന്നുന്ന ഫോമിൽ തന്നെയാണ്. അതേസമയം ലെവന്റോസ്ക്കിയാവട്ടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോവുന്നത്.

ഇരുവരുടെയും ഈ സീസണിലെ കണക്കുകൾ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ഈ സീസണിൽ ലെവന്റോസ്ക്കി 44 മത്സരങ്ങൾ ആണ് ആകെ കളിച്ചത്. ഇതിൽ നിന്ന് താരം അടിച്ചു കൂട്ടിയത് 53 ഗോളുകൾ ആണ്. എന്നാൽ ഗോളുകളുടെ കാര്യത്തിൽ മെസ്സി ഏറെ പിറകിലാണ് എന്നാണ് യാഥാർഥ്യം. 43 മത്സരങ്ങൾ കളിച്ച 31 ഗോളുകളാണ്. ഗോളിന്റെ എണ്ണവും മിനുട്ടും തമ്മിലുള്ള ശരാശരി എടുത്താലും ലെവന്റോസ്ക്കി ഒന്നാമതാണ്. ഓരോ 73 മിനുട്ടിലും ഓരോ ഗോൾ വീതം നേടാൻ ലെവക്ക് സാധിക്കുന്നുണ്ടെങ്കിൽ ഓരോ 120 മിനുട്ടിലുമാണ് മെസ്സി ഓരോ ഗോൾ കണ്ടെത്തുന്നത്. എന്നാൽ അസിസ്റ്റിൽ താൻ തന്നെയാണ് കേമൻ എന്ന് മെസ്സി തെളിയിച്ചിട്ടുണ്ട്. 25 അസിസ്റ്റുകൾ മെസ്സി നേടിയപ്പോൾ 8 അസിസ്റ്റുകൾ മാത്രമാണ് ലെവന്റോസ്ക്കിയുടെ വക. ആകെ ഗോൾ പങ്കാളിത്തത്തിൽ മെസ്സിയെക്കാൾ നേരിയ മുൻ‌തൂക്കം ലെവന്റോസ്ക്കിക്കാണ്. 61 ഗോളുകളിൽ ലെവന്റോസ്ക്കി പങ്കാളിത്തം അറിയിച്ചപ്പോൾ മെസ്സി 56 എണ്ണത്തിൽ പങ്കാളിത്തം അറിയിച്ചു. ഓരോ തൊണ്ണൂറ് മിനുട്ടിലും 1.4 എന്ന തോതിൽ ലെവന്റോസ്ക്കി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ മെസ്സി 2.8 എന്ന തോതിൽ സൃഷ്ടിച്ചിട്ടുണ്ട്. അതേ സമയം ഡ്രിബിളിംഗിൽ മെസ്സി ഏറെ മുൻപിലാണ്. ഓരോ തൊണ്ണൂറ് മിനുട്ടിലും 1.6 എന്ന തോതിലാണ് ലെവന്റോസ്ക്കി ഡ്രിബ്ലിങ് പൂർത്തിയാക്കുന്നതെങ്കിൽ 6.2 എന്ന തോതിലാണ് മെസ്സി ഡ്രിബ്ലിങ് പൂർത്തിയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *