മെസ്സി മോഡ്രിച്ചിന്റെ പോക്കറ്റിലായിരുന്നു,വെറുതെ നടന്നു : രൂക്ഷവിമർശനവുമായി മുൻ PSG താരം!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവാനായിരുന്നു പിഎസ്ജിയുടെ വിധി. രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും പിന്നീടത് പിഎസ്ജി കളഞ്ഞു കുളിക്കുകയായിരുന്നു.ഇതോടെ കന്നി UCL കിരീടം എന്നുള്ളത് ഇപ്പോഴും പിഎസ്ജിക്ക് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ പിഎസ്ജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യപാദത്തിൽ പെനാൽറ്റി പാഴാക്കിയതോടെ തന്നെ മെസ്സിക്ക് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടാംപാദത്തിലും മെസ്സിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.ഇപ്പോഴിതാ മുൻ പിഎസ്ജി താരമായിരുന്ന ജെറോം റോതൻ മെസ്സിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.മെസ്സി കളത്തിലൂടെ വെറുതെ നടന്നുവെന്നും മെസ്സി മോഡ്രിച്ചിന്റെ പോക്കറ്റിലായിരുന്നു എന്നുമാണ് ഇദ്ദേഹം ആരോപിച്ചത്.RMC സ്പോർട്ടിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ എനിക്ക് തന്നെ നാണക്കേടുണ്ട്. പക്ഷേ ഇതൊരു യാഥാർഥ്യമാണ്.റയലിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം വെറുതെ കളത്തിലൂടെ നടക്കുകയായിരുന്നു.10 മീറ്ററിൽ നിന്ന് മാത്രമാണ് അദ്ദേഹം എഫേർട് എടുത്തത്. മെസ്സി ശരിക്കും മോഡ്രിച്ചിന്റെ പോക്കറ്റിലായിരുന്നു ” ഇതാണ് റോതൻ പറഞ്ഞത്.

അതേസമയം നെയ്മറേയും ഇദ്ദേഹം വിമർശിച്ചിട്ടുണ്ട്.അതിങ്ങനെയാണ്.

” പിന്നെ മറ്റൊരു താരം, അദ്ദേഹത്തിന്റെ പേര് പറയുന്നത് തന്നെ എനിക്ക് നാണക്കേടാണ്.അദ്ദേഹം ബോളുകൾ നഷ്ടപ്പെടുത്തി. അദ്ദേഹം ഉള്ളതു മുതൽ ഇവിടെ കുഴപ്പങ്ങളാണ്.പിഎസ്ജിയുടെ 50 ശതമാനത്തിൽ താഴെ മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അദ്ദേഹം ഇഞ്ചുറിയിൽ നിന്ന് തിരികെ വരികയാണ് എന്നുള്ള ഒഴിവ് കഴിവാണ് പലപ്പോഴും നിരത്താറുള്ളത്. പക്ഷേ അതിനുള്ള സമയമല്ല ഇത്. ഇത്തരം മത്സരങ്ങളിലാണ് നിങ്ങൾ ഉണ്ടായിരിക്കേണ്ടത് ” ഇതാണ് റോതൻ പറഞ്ഞത്.

യുവേഫ ചാമ്പ്യൻസ് ലീഗിലെ പുറത്താവൽ പിഎസ്ജിയിൽ വലിയ പ്രശ്നങ്ങളാണ് ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നിരവധി വിമർശനങ്ങളും ഇപ്പോൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *